എന്നെ ആരും സഹായിച്ചിട്ടില്ല, ജനങ്ങള്‍ കണ്ടത് എന്റെ വിജയം മാത്രം, നൊമ്പരങ്ങള്‍ കണ്ടത് ദൈവം മാത്രം'; ധ്യാന ദമ്പതികളുടെ തമ്മിലടിക്കിടെ വീഡിയോയുമായി മരിയോ

reporter
ധ്യാനമാര്‍ഗത്തില്‍ കുടുംബ കൗണ്‍സലിങ്ങും മോട്ടിവേഷന്‍ ക്ലാസുകളും നടത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രശസ്തരായ ദമ്പതിമാര്‍ തമ്മിലുണ്ടായ തമ്മിലടി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇന്‍ഫ്‌ലുവന്‍സര്‍ മാരായ മരിയോ ജോസഫും ഭാര്യ ജിജി മരിയോ ജോസഫും തമ്മിലുണ്ടായ തര്‍ക്കവും തമ്മിലടിയും പൊലീസ് കേസായതോടെയാണ് ചര്‍ച്ചയായത്. മര്‍ദ്ദനമേറ്റെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നവംബര്‍ ഒന്നാം തീയതി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. കേസെടുത്തെങ്കിലും ഇതിനിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മരിയോ ജോസഫ്. കഴിഞ്ഞ ദിവസം കേസിന്റെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാതെ താന്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് മരിയോ ജോസഫ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഒരു വോയിസ് ഓവര്‍ വീഡിയോയുമായി രംഗത്തെത്തിയിരുന്നു.



വീഡിയോയില്‍ മരിയോ ജോസഫ് പറയുന്നത്


'എന്നെ ആരും സഹായിച്ചിട്ടില്ല, ദൈവമല്ലാതെ. ഞാന്‍ അനുഭവിച്ചതും അനുഭവിക്കുന്നതുമായ വേദന ആരും മനസ്സിലാക്കിയിട്ടില്ല. ദൈവം മാത്രമാണ് എന്റെ നിശബ്ദതയുടെ കണ്ണീര്‍ കണ്ടത്. ജനങ്ങള്‍ കണ്ടത് എന്റെ വിജയം മാത്രമാണ്. ദൈവം കണ്ടത് എന്റെ നൊമ്പരങ്ങളാണ്. അതുകൊണ്ട് ജനം എന്നെക്കുറിച്ച് എന്ത് പറയുന്നു എന്നോര്‍ത്ത് ഞാന്‍ ബുദ്ധിമുട്ടാറില്ല. ആരെയും സുഖിപ്പിക്കാനല്ല ഞാന്‍ ജീവിക്കുന്നത്. എന്നെ മനസ്സിലാക്കാത്തവരോട് എന്നെക്കുറിച്ച് ഒരുപാട് എക്‌സ്‌പ്ലൈന്‍ ചെയ്യാനുമല്ല ഞാന്‍ ശ്രമിക്കുന്നത്. മറ്റുള്ളവരുടെ പ്രീതിക്കായി ശ്രമിച്ച് എന്നെത്തന്നെ നഷ്ടപ്പെടുത്താന്‍ ഞാന്‍ ഒരുക്കമല്ല. എനിക്ക് വേണ്ടി ഒന്ന് ചെറുവിരല്‍ പോലും അനക്കാത്തവരെ ഓര്‍ത്ത് ഞാന്‍ ദുഃഖിക്കുന്നുമില്ല. ഞാന്‍ ഒന്നുമല്ലാത്തപ്പോള്‍ എന്നെ താങ്ങിയ ദൈവത്തിന് മാത്രമാണ് ഇനി എന്റെ ജീവിതം. ജനങ്ങള്‍ എന്നെ കുറ്റക്കാരന്‍ എന്ന് വിധിക്കട്ടെ, ചീത്ത പറയട്ടെ, എന്നെ വിട്ട് അകലട്ടെ... ഞാന്‍ ആരെന്നും എന്നെ താങ്ങുന്നവന്‍ ആരെന്നും എനിക്ക് നന്നായി അറിയാം. മറ്റുള്ളവരുടെ പ്രതീക്ഷക്കനുസരിച്ചല്ല ദൈവത്തിന്റെ ഇഷ്ട്ടത്തിനനുസരിച്ചാണ് ഇനി എന്റെ ജീവിതം.


ഞാനിപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്, അതോ ദൈവത്തിന്റെ ആണോ? അഥവാ മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്‌നിക്കുകയാണോ? ഞാനിപ്പോഴും മനുഷ്യനെ പ്രസാദിപ്പിക്കുന്നവനാണെങ്കില്‍ ക്രിസ്തുവിന്റെ ദാസനായി ജീവിക്കാന്‍ സാധിക്കുകയില്ല (എലാതിയര്‍ 1:10). ഈ വരികള്‍ എല്ലാവരും ഒന്ന് ഓര്‍ത്തുവെച്ചാല്‍ സെല്‍ഫ് കോണ്‍ഫിഡന്‍സോടെ ധൈര്യമായി മുന്നോട്ട് ജീവിക്കാന്‍ സാധിക്കും. ഗോഡ് ബ്ലെസ് യു ...' - എന്നും പറഞ്ഞാണ് മരിയോ ജോസഫ് വീഡിയോ അവസാനിപ്പിക്കുന്നത്.

Other News in this category



4malayalees Recommends