ഖത്തറില്‍ ആദ്യമായി എഐ നിയന്ത്രിക്കുന്ന എയര്‍ ടാക്‌സി വരുന്നു
ഖത്തറില്‍ ആദ്യമായി മനുഷ്യരില്ലാതെ പൂര്‍ണമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി നിയന്ത്രിച്ച എയര്‍ ടാക്‌സി(eVTOL) വിജയകരമായി പറന്നു. ഓള്‍ഡ് ദോഹ പോര്‍ട്ടിനും കതാറ കള്‍ച്ചറല്‍ വില്ലേജിനും ഇടയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ ടാക്‌സി പറന്നത്. പൈലറ്റ് രഹിത എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരമായതോടെ രാജ്യത്ത് സ്മാര്‍ട്ട്, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള പദ്ധതിയിലെ ഒരു പ്രധാന ചുവടുവയ്പ്പ് കൂടിയായി.
സാങ്കേതികവിദ്യ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ഭാവിയില്‍ ഇത് എങ്ങനെ ഉപയോഗിക്കാമെന്നും പരിശോധിക്കുന്നതിനായി ഖത്തര്‍ ഗതാഗത മന്ത്രാലയം നടത്തിയ പരീക്ഷണ പരമ്പരയുടെ ഭാഗമാണ് ഈ എയര്‍ ടാക്‌സി ഡെമോ ഫ്‌ലൈറ്റ്. പരീക്ഷണ പറക്കലിന് ഗതാഗത മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനി സാക്ഷിയായി. ഖത്തറിന്റെ ഹൈടെക് ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള വാതില്‍ തുറക്കുന്ന ചരിത്ര നിമിഷമാണിതെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചു.
മനുഷ്യ നിയന്ത്രണമില്ലാതെ ഒരു എ.ഐ പവേര്‍ഡ് സെല്‍ഫ് കണ്‍ട്രോള്‍ സംവിധാനവും നൂതന എയര്‍ നാവിഗേഷന്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് എയര്‍ ടാക്‌സി നിയന്ത്രിച്ചത്. ഈ സംവിധാനത്തിന് വ്യോമാതിര്‍ത്തി സുരക്ഷിതമായും കാര്യക്ഷമമായും ഉപയോഗിക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. ഭാവിയിലെ നഗര ട്രാഫിക് പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതും വേഗതയും സുരക്ഷയും കൂട്ടുമെന്നതും എയര്‍ ടാക്‌സിയുടെ ഏറ്റവും വലിയ നേട്ടമാണ്.