തന്റെ ചിത്രവും പേരും ഉപയോഗിച്ച് വാട്ട്സ്ആപ്പില്‍ ഫോട്ടോഷൂട്ടുകളെക്കുറിച്ച് സന്ദേശമയച്ച് വ്യക്തികളെ കബളിക്കുന്നയാളെക്കുറിച്ച് മുന്നറിയിപ്പുമായി നടി അദിതി റാവു ഹൈദരി. വ്യക്തിപരമായ നമ്പര്‍ ഉപയോഗിച്ച് ജോലിക്കായി താന്‍ ആളുകളെ ബന്ധപ്പെടാറില്ലെന്നും തന്റെ ഔദ്യോഗിക ടീം വഴി മാത്രമേ ബന്ധപ്പെടാറുള്ളുവെന്നും നടി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചാണ് നടിയുടെ പ്രതികരണം.
'എല്ലാവര്‍ക്കും നമസ്‌കാരം, ഇന്ന് കുറച്ചുപേര്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ഒരു കാര്യം സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ വാട്ട്സ്ആപ്പില്‍ എന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഞാനാണെന്ന് നടിച്ച് ഫോട്ടോഷൂട്ടുകളെക്കുറിച്ച് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സന്ദേശമയക്കുന്നുണ്ട്. അത് ഞാനല്ല. ഞാന്‍ ഇങ്ങനെ ആരെയും സമീപിക്കാറില്ല, ജോലിക്കായി ഞാന്‍ വ്യക്തിപരമായ നമ്പറുകള്‍ ഉപയോഗിക്കാറുമില്ല.
എല്ലാ കാര്യങ്ങളും എന്റെ ഔദ്യോഗിക ടീം വഴിയാണ് നടക്കുന്നത്. ദയവായി ശ്രദ്ധിക്കുക, ആ നമ്പറുമായി ബന്ധപ്പെടരുത്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍, എന്റെ ടീമിനെ അറിയിക്കുക. എനിക്ക് പിന്തുണ നല്‍കുകയും എന്നെ സംരക്ഷിക്കുകയും ചെയ്യുക, എല്ലാവര്‍ക്കും നന്ദി,' അദിതി റാവു ഹൈദരി വ്യക്തമാക്കി.