ഷൂട്ടിങ്ങിന് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ തൊടില്ല, അദ്ദേഹം എട്ടുമണിക്കൂര്‍ ജോലി ചെയ്യും ,തിരികെ പോകുമ്പോഴേ ഫോണ്‍ നോക്കൂ; മഹേഷ് ബാബുവിനെ പുകഴ്ത്തി രാജമൗലി
മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് വാരാണാസി. സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ഗംഭീര പരിപാടിയില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റു താരങ്ങള്‍ മഹേഷ് ബാബുവില്‍ നിന്ന് കണ്ടു പഠിക്കേണ്ട ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് രാജമൗലി. സിനിമ സെറ്റില്‍ എത്തി തിരിച്ച് ഷൂട്ടിംഗ് കഴിഞ്ഞു പോകുന്ന വരെ മഹേഷ് ബാബു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് പറയുകയാണ് രാജമൗലി.
'മഹേഷ് ബാബുവിന്റെ സ്വഭാവത്തില്‍ നിന്നും നമുക്കെല്ലാവര്‍ക്കും ഒരു കാര്യം പഠിക്കാനുണ്ട്. എല്ലാവരും പഠിക്കേണ്ട ഒന്ന്. മഹേഷ് ബാബു ഓഫീസിലേക്കോ ഷൂട്ടിങ്ങിലേക്കോ വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ തൊടില്ല. അദ്ദേഹം എട്ട് മണിക്കൂര്‍ ജോലി ചെയ്യും, തിരികെ പോകുമ്പോള്‍ മാത്രമേ മൊബൈല്‍ ഫോണ്‍ നോക്കൂ', രാജമൗലി പറഞ്ഞു. മഹേഷ് ബാബുവിനെ ആദ്യം ശ്രീരാമന്റെ വേഷത്തില്‍ കണ്ടപ്പോള്‍ തനിക്ക് രോമാഞ്ചം ഉണ്ടായെന്നും ആ ചിത്രം ഫോണില്‍ വോള്‍പേപ്പര്‍ ആക്കിയിരുന്നുവെന്നും രാജമൗലി പറഞ്ഞിരുന്നു.