ചെങ്കോട്ട സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉമര്‍ നബിയും സംഘവും ആശയവിനിമയത്തിന് കോഡ് ഭാഷയാണ് ഉപയോഗിച്ചതെന്ന് എന്‍ഐഎ. സ്ഫോടക വസ്തുക്കള്‍ക്ക് 'ബിരിയാണി' എന്ന വാക്കാണ് ഉപയോഗിച്ചത്. പ്രത്യേക പരിപാടികള്‍ക്ക് 'ധാവത്ത്' എന്ന വാക്ക് ഉപയോഗിച്ചു. ടെലഗ്രാം വഴിയായിരുന്നു ആശയവിനിമയങ്ങള്‍. ഉമറിന്റെ ഡയറിയില്‍ നിന്നും കോഡ് ഭാഷ കണ്ടെത്തുകയായിരുന്നു.
അതേസമയം, ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചു. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഡല്‍ഹി സ്വദേശി വിനയ് പഥക്കാണ് മരിച്ചത്. ഇതോടെ ചെങ്കോട്ട സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി.
ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. കശ്മീര്‍ സ്വദേശി ഡാനിഷ് എന്ന ജാസിര്‍ ബിലാല്‍ വാണിയെയാണ് അറസ്റ്റ് ചെയ്തത്. ശ്രീനഗറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഉമറിനും സംഘത്തിനും സാങ്കേതിക സഹായം നല്‍കിയത് ഡാനിഷ് ആണെന്നാണ് എന്‍ഐഎ പറയുന്നത്. ഉമറിന്റെ അടുത്ത അനുയായിയാണ് ഇയാളെന്നും എന്‍ഐഎ പറയുന്നു. ഭീകരാക്രമണം നടത്താന്‍ ഡ്രോണുകളും റോക്കറ്റുകളും നിര്‍മിക്കാനും ഡാനിഷ് ശ്രമം നടത്തിയതായി അന്വേഷണസംഘം പറഞ്ഞു.