പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയില്‍ അദ്ദേഹത്തിനെ കാണാന്‍ കുടുംബത്തിന് അനുമതി ലഭിച്ചതായി സഹോദരി അലീമ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ റാവല്‍പ്പിണ്ടിയിലെ ജയിലിന് മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് പ്രതിഷേധം അവസാനിപ്പിക്കാന്‍ അവര്‍ നിര്‍ദേശം നല്‍കി. പൊലീസുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സന്ദര്‍ശന അനുമതി ലഭിച്ചതെന്നും അലീമ ഖാന്‍ അറിയിച്ചു. പ്രതിഷേധം നടന്നിടത്താണ് പൊലീസുമായി ചര്‍ച്ച നടത്തിയതെന്നും ഇന്നും അടുത്ത ചൊവ്വാഴ്ചയും ഇമ്രാനെ കാണാനുള്ള അനുമതിയാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് അലീമ അറിയിച്ചത്. ഇതോടെ പ്രതിഷേധക്കാര്‍ സമാധാനമായി പിരിഞ്ഞു.
അതേസമയം പ്രതിഷേധത്തിനിടയില്‍ ഇമ്രാന്‍ഖാന്റെ സഹോദരിമാരെ പൊലീസ് ഉപദ്രവിച്ചെന്ന് ആരോപണം ഉയര്‍ന്നു. ജയിലില്‍ കഴിയുന്ന സഹോദരനെ കാണണമെന്ന് ആവശ്യപ്പെട്ടതാണ് ഉപദ്രവിക്കാന്‍ കാരണമെന്ന് ഖാന്റെ സഹോദരിമാര്‍ പറയുന്നു. നോറീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവരാണ് തങ്ങളെയും റാവല്‍പിണ്ടി അദിയാലാ ജയിലിനു മുന്നില്‍ തടിച്ചു കൂടിയ പാകിസ്താന്‍ തെഹ്രിക്ക് ഇ ഇന്‍സാഫ് പ്രവര്‍ത്തകരെയും പൊലീസ് ആക്രമിച്ചുവെന്ന് ആരോപിച്ചത്.
2023 മുതല്‍ ജയിലില്‍ കഴിയുകയാണ് ഇമ്രാന്‍ ഖാന്‍. കഴിഞ്ഞ മൂന്നാഴ്ച കാലമായി സഹോദരനെ കാണാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് മൂവരും പറഞ്ഞിരുന്നു. പിന്നാലെ നടന്ന ചര്‍ച്ചയിലാണ് കാണാനുള്ള അനുമതി ലഭിച്ചത്.