വരുന്നവരില്‍ അധികവും ഭിക്ഷാടനത്തിന്, കുറ്റകൃത്യങ്ങളും കൂടുതല്‍ ; പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് യുഎഇയും സൗദി അറേബ്യയും നിര്‍ത്തിയതായി റിപ്പോര്‍ട്ട്
പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് യുഎഇയും സൗദി അറേബ്യയും നിര്‍ത്തി. പാകിസ്ഥാന്‍ പാസ്പോര്‍ട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതും ഇരു രാജ്യങ്ങളും ആലോചിച്ചതായാണ് പാക് മാധ്യമ സ്ഥാപനമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്ഥാനിലെ ആഭ്യന്തര കാര്യ സെക്രട്ടറി സല്‍മാന്‍ ചൗധരിയെ ഉദ്ധരിച്ചാണ് വാര്‍ത്ത. പാസ്‌പോര്‍ട്ടിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ഇരു രാജ്യങ്ങളും പിന്മാറിയതായും സല്‍മാന്‍ ചൗധരി പറയുന്നു.
പാകിസ്ഥാനില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും മാത്രമേ ഇരു രാജ്യങ്ങളും ഇപ്പോള്‍ വിസ നല്‍കുന്നുള്ളൂ. സാധാരണ പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നില്ല. യുഎഇയില്‍ പാക് പൗരന്മാര്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതാണ് വിസ നല്‍കാതിരിക്കാന്‍ കാരണമായി പറയുന്നത്. വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടാണ് കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ കുറച്ച് പാക് പൗരന്മാര്‍ക്കെങ്കിലും വിസ ലഭ്യമാക്കാന്‍ സാധിച്ചതെന്ന് പാകിസ്ഥാനിലെ സെനറ്റ് ഫങ്ഷണല്‍ കമ്മിറ്റി ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് ചെയര്‍പേഴ്സണ്‍ സമിന മുംതാസ് സെഹ്രി പറയുന്നു.
പാകിസ്ഥാനും യുഎഇയും നല്ല സൗഹൃദത്തില്‍ കഴിയുന്ന രാജ്യങ്ങളാണ്. പാകിസ്ഥാനില്‍ നിന്ന് വര്‍ഷം തോറും നിരവധിയാളുകള്‍ യുഎഇയില്‍ എത്താറുമുണ്ട്. എന്നാല്‍ യുഎഇയില്‍ നിയമപരമായ ജോലികളില്‍ ഏര്‍പ്പെടുന്നതിന് പകരം ഭിക്ഷയാചിക്കുകയാണ് ഇവര്‍ പ്രധാനമായും ചെയ്യുന്നത്. അതേസമയം പാകിസ്ഥാനില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വര്‍ക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചിട്ടില്ലെന്നും സന്ദര്‍ശക വിസ അനുവദിക്കില്ലെന്ന നിലപാടിലാണ് യുഎഇയെന്നും പാകിസ്ഥാന്‍ ഏജന്‍സികള്‍ പറയുന്നു.