ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കി ഭര്‍ത്താവ്
ഭാര്യയെ വെട്ടിക്കൊന്ന ശേഷം മൃതദേഹവുമായി സെല്‍ഫിയെടുത്ത് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ട് ഭര്‍ത്താവ്. ഞായറാഴ്ച തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന തിരുനെല്‍വേലി സ്വദേശിനിയെയാണ് ക്രൂരമായി വെട്ടി കൊന്നത്. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ശ്രീപ്രിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ഭര്‍ത്താവ് ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹോസ്റ്റലില്‍ ശ്രീപ്രിയയെ കാണാനായത് ബാലമുരുകന്‍ എത്തിയത്. എന്നാല്‍ വസ്ത്രത്തില്‍ ആരുമറിയാതെ അരിവാള്‍ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു ഇയാള്‍ .കണ്ടുമുട്ടിയ ഉടന്‍ തന്നെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് ബാലമുരുകന്‍ അരിവാളെടുത്ത് ശ്രീപ്രിയയെ വെട്ടുകയായിരുന്നു. മാത്രമല്ല മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് അത് തന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസായി അപ്ലോഡ് ചെയ്യുകയും ചെയ്തു. വഞ്ചനയ്ക്കുള്ള മറുപടി മരണമാണെന്ന് കുറിച്ചാണ് ബാലമുരുകന്‍ ചിത്രം സ്റ്റാറ്റസാക്കിയത്.
ആക്രമണമുണ്ടായതോടെ ഹോസ്റ്റലിലെ താമസക്കാരും ഭയന്ന് പുറത്തേക്കോടി. എന്നിരുന്നാലും ബാലമുരുകന്‍ സംഭവ സ്ഥലത്തു തന്നെ തുടരുകയും പൊലീസ് എത്തുന്നതു വരെ കാത്തിരിക്കുകയും ചെയ്തു. സംഭവ സ്ഥലത്തു വച്ച് തന്നെ ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ആയുധം കണ്ടെടുക്കുകയും ചെയ്തു. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തിനാലാണ് കൊലപാതകം എന്നാണ് പൊലീസ് അനുമാനിക്കുന്നത്. അവള്‍ തന്നെ ഒറ്റിക്കൊടുത്തു എന്ന് ബാലമുരുകന്‍ അവകാശപ്പെട്ടതായും പൊലീസ് പറഞ്ഞു.