കിഫ്ബി മസാലബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഇഡി. നേരിട്ടോ പ്രതിനിധി വഴിയോ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. മറുപടി തൃപ്തികരമെങ്കില്‍ നടപടി ക്രമങ്ങളില്‍ നിന്ന് ഒഴിവാക്കും. ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. മുന്‍ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും ഇഡി നോട്ടീസയച്ചു.
കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നല്‍കിയത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
2019ല്‍ 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മസാല ബോണ്ട് ഇറക്കി രണ്ടായിരത്തിലധികം കോടിയാണ് സമാഹരിച്ചത്. 2019 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞി രണ്ട് വര്‍ഷം മുന്‍പ് മുന്‍ ധനമന്ത്രി തോമസ് ഐസകിന് നോട്ടീസ് നല്‍കുകയും അന്വേഷണം നടക്കുകയും ചെയ്തിരുന്നു.
തോമസ് ഐസക്കിന് നോട്ടീസ് ലഭിച്ചത് രണ്ട് തവണയാണ്. എന്നാല്‍ ഇഡി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സി.എ.ജി. റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് അന്വേഷണം തുടങ്ങിയതെന്നാണ് ഇ.ഡി കോടതിയില്‍ പറഞ്ഞത്. ചട്ടങ്ങള്‍ പാലിച്ചാണ് ബോണ്ട് വാങ്ങിയത് എന്നായിരുന്നു തോമസ് ഐസക്കിന്റെ മറുവാദം. റിസര്‍വ് ബാങ്ക് സംശയം ഉന്നയിക്കാത്തതും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു. മൂന്ന് വര്‍ഷത്തെ അന്വേഷമണത്തിനൊടുവിലാണ് മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.