വേഗത്തില്‍ ഈ യുദ്ധം അവസാനിക്കും, ആണവ കേന്ദ്രങ്ങളും മിസൈല്‍ നിര്‍മ്മാണ ശാലകളും പൂര്‍ണ്ണമായും തകര്‍ത്തു, ഇനി ജനങ്ങള്‍ക്ക് സ്വാതന്ത്യം പിടിച്ചെടുക്കാം ; നെതന്യാഹു

വേഗത്തില്‍ ഈ യുദ്ധം അവസാനിക്കും, ആണവ കേന്ദ്രങ്ങളും മിസൈല്‍ നിര്‍മ്മാണ ശാലകളും പൂര്‍ണ്ണമായും തകര്‍ത്തു, ഇനി ജനങ്ങള്‍ക്ക് സ്വാതന്ത്യം പിടിച്ചെടുക്കാം ; നെതന്യാഹു
ഇറാനുമായുള്ള യുദ്ധം 20 ദിവസം പിന്നിടുമ്പോള്‍ വന്‍ വിജയം അവകാശപ്പെട്ട് ഇസ്രായേല്‍. ഇറാനിലെ ആണവ കേന്ദ്രങ്ങളും മിസൈല്‍ നിര്‍മ്മാണ ശാലകളും പൂര്‍ണ്ണമായും തകര്‍ത്തെന്നും ഇനി അവര്‍ക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനോ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കാനോ കഴിയില്ലെന്നും നെതന്യാഹു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വേഗത്തില്‍ അവസാനിക്കുന്ന യുദ്ധം: 'പലരും വിചാരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഈ യുദ്ധം അവസാനിക്കും. കൃത്യമായ സമയം ഇപ്പോള്‍ പറയുന്നില്ലെങ്കിലും ഇറാന്റെ പക്കല്‍ ഇനി ആണവായുധ ഭീഷണിയോ മിസൈല്‍ കരുത്തോ അവശേഷിക്കുന്നില്ല, അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആണവ ഭീഷണി ഒഴിവാക്കുക, മിസൈല്‍ ശേഷി തകര്‍ക്കുക, ഇറാനിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം പിടിച്ചെടുക്കാന്‍ ആവശ്യമായ സാഹചര്യം ഒരുക്കുക എന്നിവയാണ് ഇസ്രായേല്‍-അമേരിക്കന്‍ സഖ്യത്തിന്റെ ലക്ഷ്യങ്ങളെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇസ്രായേല്‍ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചു എന്ന വാര്‍ത്തകള്‍ നെതന്യാഹു തള്ളി. ട്രംപ് സ്വന്തമായി തീരുമാനമെടുക്കുന്ന നേതാവാണെന്നും സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡിന് നേരെയുള്ള ആക്രമണത്തില്‍ ഇസ്രായേല്‍ ഏകപക്ഷീയമായാണ് നീങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ട്രംപിന്റെ അഭ്യര്‍ത്ഥന പ്രകാരം തുടര്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ലെബനന്‍ അതിര്‍ത്തിയില്‍ ഹെസ്ബുള്ളയുടെ നുഴഞ്ഞുകയറ്റം തടയാന്‍ പ്രത്യേക സുരക്ഷാ ഇടനാഴി ഇസ്രായേല്‍ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. ഇറാന്‍ ഭരണം വീഴുമ്പോള്‍ ഹെസ്ബുള്ളയുടെ അന്ത്യവും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ നേതൃത്വത്തിനുള്ളില്‍ വിള്ളലുകള്‍ കണ്ടുതുടങ്ങിയെന്നും ജനങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ അമേരിക്ക നടത്തുന്ന കഠിനമായ ശ്രമങ്ങള്‍ക്ക് ഇസ്രായേല്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. ഇത് വിജയിക്കുന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുറയുമെന്നും എന്നാല്‍ ഇറാന്റെ ബ്ലാക്ക്മെയിലിംഗിന് ആരും വഴങ്ങരുതെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

Other News in this category



4malayalees Recommends