തകര്‍ന്നുവീണ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്താന്‍ മത്സരിച്ച് യുഎസും, ഇറാനും; രണ്ട് വിമാനങ്ങള്‍ വെടിവെച്ചിട്ട് ഇറാന്‍; മുറിവേറ്റ യുഎസ് സൈനികരുടെ എണ്ണം 365; യുഎസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ തള്ളി, വഴിമുട്ടി മധ്യസ്ഥ ചര്‍ച്ച

തകര്‍ന്നുവീണ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്താന്‍ മത്സരിച്ച് യുഎസും, ഇറാനും; രണ്ട് വിമാനങ്ങള്‍ വെടിവെച്ചിട്ട് ഇറാന്‍; മുറിവേറ്റ യുഎസ് സൈനികരുടെ എണ്ണം 365; യുഎസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ തള്ളി, വഴിമുട്ടി മധ്യസ്ഥ ചര്‍ച്ച
തങ്ങളുടെ യുദ്ധവിമാന പൈലറ്റിനെ കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ യുഎസ് സേനകള്‍. ഇറാന്‍ പ്രതിരോധ സേന വെടിവെച്ചിട്ട വിമാനത്തിലെ പൈലറ്റിനെ കണ്ടെത്താന്‍ യുഎസ് നെട്ടോട്ടം ഓടുമ്പോള്‍ ഇതിന് മുന്‍പ് ഇയാളെ കണ്ടെത്താന്‍ ഇറാനും ശ്രമിക്കുന്നുണ്ട്.

യുദ്ധം കൊടുമ്പിരി കൊണ്ട ദിവസത്തില്‍ രണ്ട് യുഎസ് യുദ്ധവിമാനങ്ങള്‍ ഇറാന്‍ തകര്‍ത്തത് അമേരിക്കയ്ക്ക് ഷോക്കായി. യുഎസ് എ-10, എഫ്-15ഇ യുദ്ധവിമാനങ്ങള്‍ വീഴ്ത്തുന്ന ദൃശ്യങ്ങള്‍ ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. തകര്‍ന്ന വിമാനങ്ങളില്‍ നിന്നും രക്ഷപ്പെട്ട പൈലറ്റുമാരില്‍ ഒരാളെയാണ് ഇനി കണ്ടെത്താനുള്ളത്. ഒരു പൈലറ്റിനെ സാഹസികമായി യുഎസ് സേനകള്‍ രക്ഷപ്പെടുത്തി.

യുദ്ധം രൂക്ഷമാകുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ മധ്യസ്ഥ ചര്‍ച്ച വഴിമുട്ടിയതായി റിപ്പോര്‍ട്ട്. അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന്‍ നിരസിച്ചിരുന്നു. മധ്യസ്ഥത വഹിക്കാനുള്ള പാകിസ്താന്റെ ശ്രമം പരാജയപ്പെടുകയും ചെയ്തു. ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി ഇറാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

വെടിനിര്‍ത്തലിനായി പാകിസ്താന്റെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ ഒരുവഴിത്തിരിവും ഉണ്ടാക്കിയില്ല. വരുംദിവസങ്ങളില്‍ ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ തയ്യാറല്ലെന്ന് ടെഹ്‌റാന്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം. അമേരിക്ക മുമ്പോട്ട് വെക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

നിലവില്‍ ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയുമാണ് ഇരു രാജ്യങ്ങളുടേയും പ്രധാന തര്‍ക്കവിഷയം. ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നുനല്‍കിയാല്‍ വെടിനിര്‍ത്തല്‍ പരിഗണിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറായിരുന്നില്ല.

അതേസമയം പശ്ചിമേഷ്യയിലെ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഇറാന് മുകളില്‍വെച്ച് അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഇറാന്‍ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണത്തെ തുടര്‍ന്ന് വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാര്‍ പുറത്തേക്ക് ചാടിയതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തില്‍നിന്ന് പൈലറ്റുമാര്‍ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടതായും ഇത്തരത്തില്‍ രക്ഷപ്പെട്ട യുഎസ് പൈലറ്റുമാര്‍ക്കായി ഇറാന്‍ സൈന്യവും ജനങ്ങളും തിരച്ചില്‍ നടത്തിവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൈലറ്റിനെ കണ്ടെത്താന്‍ വിവരം നല്‍കുന്നവര്‍ക്ക് വലിയ സമ്മാനത്തുകയാണ് ഇറാന്‍ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends