ഇസ്രയേല്‍ പിശാച്, മനുഷ്യരാശിയ്ക്ക് ശാപമെന്ന് ഖ്വാജ ആസിഫ്;നെതന്യാഹുവിന്റെ മറുപടിക്ക് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഇസ്രയേല്‍ പിശാച്, മനുഷ്യരാശിയ്ക്ക് ശാപമെന്ന് ഖ്വാജ ആസിഫ്;നെതന്യാഹുവിന്റെ മറുപടിക്ക് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ലെബനനെ ആക്രമിച്ച ഇസ്രയേലിനെ മനുഷ്യരാശിയുടെ ശാപം എന്ന് വിശേഷിപ്പിച്ച് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേല്‍ വിനാശകാരിയായ രാജ്യമാണെന്നും ഗാസയിലും ഇറാനിലും ഇപ്പോള്‍ ലെബനനിലും നിരപരാധികളായ ജനങ്ങളെ അവര്‍ കൊന്നൊടുക്കുകയാണെന്നും ഖ്വാജ ആസിഫ് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ കുറ്റപ്പെടുത്തി.

'ഇസ്രയേല്‍ പിശാചാണ്. അവര്‍ മനുഷ്യരാശിയുടെ ശാപമാണ്. ഇസ്ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ലെബനനില്‍ അവര്‍ വംശഹത്യ നടത്തുകയാണ്. നിരപരാധികളായ മനുഷ്യരെ അവര്‍ കൊന്നൊടുക്കുകയാണ്. ആദ്യം ഗാസ, പിന്നെ ഇറാന്‍. ഇപ്പോഴിതാ ലെബനനും. അവര്‍ രക്തച്ചൊരിച്ചില്‍ തുടരുകയാണ്. പലസ്തീന്റെ മണ്ണില്‍ ഈ വിനാശകാരിയായ രാജ്യം സൃഷ്ടിച്ചവര്‍ നരകത്തില്‍ പോകട്ടെ' എന്നാണ് ഖ്വാജ ആസിഫ് എക്സില്‍ കുറിച്ചത്.

ഖ്വാജ ആസിഫിന്റെ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഉന്നയിച്ചത്. പാക് പ്രതിരോധമന്ത്രിയുടെ ആഹ്വാനം അങ്ങേയറ്റം അപലപനീയമാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥം വഹിക്കുന്ന, നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന രാജ്യത്തിന്, ഇസ്രയേലിനെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യാനാവില്ലെന്ന് ഇസ്രയേല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇസ്രയേലിന്റെ വിമര്‍ശനം വന്നതിന് പിന്നാലെ ഖ്വാജ ആസിഫ് തന്റെ എക്സ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

Other News in this category



4malayalees Recommends