ഇറാനെതിരെയുള്ള സൈനിക നടപടി അബദ്ധം ; യുഎസിലെ 61 ശതമാനവും ഇറാന്‍ യുദ്ധം തെറ്റായിപോയെന്ന് പറയുന്നു ; സര്‍വ്വേ റിപ്പോര്‍ട്ട്

ഇറാനെതിരെയുള്ള സൈനിക നടപടി അബദ്ധം ; യുഎസിലെ 61 ശതമാനവും ഇറാന്‍ യുദ്ധം തെറ്റായിപോയെന്ന് പറയുന്നു ; സര്‍വ്വേ റിപ്പോര്‍ട്ട്
അമേരിക്കയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഇറാനിലെ സൈനിക നടപടിക്ക് എതിരാണെന്ന് സര്‍വ്വേ. ഇറാനെതിരായ സൈനിക നടപടി അബദ്ധമെന്നാണ് ജനവികാരം. വാഷിങ്ടണ്‍ പോസ്റ്റ് - എബിസി- ഇപ്സോസ് സംയുക്തമായി നടത്തിയ സര്‍വേയിലാണ് യുദ്ധത്തിനെതിരെയായ ജനവികാരം വ്യക്തമായത്. 61 ശതമാനം പേരും ഇറാന്‍ യുദ്ധം തെറ്റായിപ്പോയെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 36 ശതമാനം ആളുകള്‍ ട്രംപിന്റെ സൈനിക നടപടിയെ പിന്തുണച്ചു. നിലവിലെ ഇറാന്‍ യുദ്ധത്തിന് 2006ലെ ഇറാഖ് യുദ്ധത്തിനും 1970കളിലെ വിയറ്റ്നാം യുദ്ധത്തിനും ലഭിച്ചതിന് സമാനമായി ജനപിന്തുണ കുറവാണ്. നേരത്തെ റോയിറ്റേഴ്‌സ് - ഇപ്‌സോസ് - ഫോക്‌സ് ന്യൂസ് എന്നിവര്‍ നടത്തിയ സര്‍വ്വേയിലും ജനവികാരം ട്രംപിന് എതിരായിരുന്നു. യുദ്ധം സമ്പദ്വ്യവസ്ഥയെ ബാധിച്ചുവെന്നും യുഎസിലെ ജീവിതച്ചെലവ് വര്‍ദ്ധിപ്പിച്ചുവെന്നുമാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞത്.

ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച ഈ യുദ്ധം ഇതിനോടകം മിഡില്‍ ഈസ്റ്റില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തു. ആഗോള തലത്തില്‍ ഊര്‍ജ്ജ വില കുതിച്ചുയരാന്‍ കാരണമായ യുദ്ധം ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ബാധിച്ചു. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് വാഹന ഉപയോഗം കുറച്ചതായും വീട്ടുചെലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായും സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ വ്യക്തമാക്കി. ഡ്രൈവിംഗ് കുറച്ചതായി 44 ശതമാനം പേരും വീട്ടുചെലവുകള്‍ വെട്ടിക്കുറച്ചതായി 42 ശതമാനം പേരും പറഞ്ഞു. പ്രതിവര്‍ഷം 50,000 ഡോളറില്‍ താഴെ വരുമാനമുള്ളവരില്‍ ഈ കണക്ക് യഥാക്രമം 56 ശതമാനമായും 59 ശതമാനമായും വര്‍ദ്ധിച്ചു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ വലിയ ഇടിവ് രേഖപ്പെടുത്തുന്ന സമയത്താണ് ഈ സര്‍വ്വേ ഫലം പുറത്തുവരുന്നത്. അനാവശ്യ സംഘര്‍ഷങ്ങളില്‍ നിന്ന് രാജ്യം മാറിനില്‍ക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധമാണ് ട്രംപിന്റെ ഇപ്പോഴത്തെ നീക്കമെന്ന് 46 ശതമാനം പേരും അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends