എനിക്ക് ശ്വാസം കിട്ടുന്നില്ല !! മരണമടയുന്ന സമയത്ത് വിദ്യാര്‍ത്ഥിയെ കൈവിലങ്ങണിയിച്ച് പൊലീസ് ; ഇംഗ്ലണ്ടില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തം

എനിക്ക് ശ്വാസം കിട്ടുന്നില്ല !! മരണമടയുന്ന സമയത്ത് വിദ്യാര്‍ത്ഥിയെ കൈവിലങ്ങണിയിച്ച് പൊലീസ് ; ഇംഗ്ലണ്ടില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തം
സൗത്താംപ്ടണില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഹെന്റി നോവാക്കിന്റെ കൊലപാതകവും ശേഷമുള്ള പൊലീസ് നടപടികളും വിവാദത്തില്‍ .എനിക്ക് ശ്വാസം മുട്ടുന്നുവെന്നുറക്കെ വിളിച്ചുപറഞ്ഞ് നൂറുകണക്കിന് പ്രതിഷേധക്കാര്‍ പൊലീസിനോടേറ്റുമുട്ടി

ബ്രിട്ടനിലെ സൗത്താംപ്ടണില്‍ വിദ്യാര്‍ത്ഥിയായിരുന്ന 18 കാരന്‍ ഹെന്റി നൊവാക്കിന്റെ കൊലപാതകവും അതിന് ശേഷമുള്ള പൊലീസ് നടപടികളും രാജ്യ വ്യാപക വിവാദമാകുന്നു. 23 കാരനായ വിക്രം ഡിഗ്വ കത്തി കൊണ്ട് കുത്തി ഹെന്റിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് പൊലീസിന്റെ ബോഡിക്യാം ദൃശ്യങ്ങള്‍ പുറത്തുവന്നത്.

കുത്തേറ്റതായി ഹെന്റി ആവര്‍ത്തിച്ചു പറഞ്ഞിട്ടും പൊലീസ് കൈവിലങ്ങണിയിക്കുകയായിരുന്നു. എനിക്ക് ശ്വാസം മുട്ടുന്നുവെന്ന് പലതവണ പറഞ്ഞിട്ടും പരിഗണന ലഭിച്ചില്ലെന്നും ദൃശ്യത്തില്‍ വ്യക്തമാണ്.

സംഭവ സമയം ഡിഗ്വ താന്‍ വംശീയ അതിക്രമത്തിന് ഇരയായെന്ന് പൊലീസിനോട് പറഞ്ഞതോടെയാണ് ഹെന്റിയെ സംശയത്തിന്റെ നിഴലിലാക്കിയത്. ദൃശ്യങ്ങള്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം പുരോഗമിക്കുകയാണ്.

ഇതിനിടയിലാണ് ഹെന്റിക്ക് നീതി തേടി സൗത്താംപ്റ്റണില്‍ നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി എത്തിയത്. ചിലര്‍ പ്രതിയുടെ കുടുംബം താമസിക്കുന്ന പ്രദേശത്തേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതോടെ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.

മകന്റെ മരണത്തില്‍ കൂടുതല്‍ വിദ്വേഷത്തിനോ വിഭജനത്തിനോ കാരണമാകരുതെന്ന് ഹെന്റിയുടെ കുടുംബം അഭ്യര്‍ത്ഥിച്ചു. ഇതൊരു കൊലക്കേസാണെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷെബാന മഹ്‌മൂദ് വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിലുണ്ടാകുന്ന അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും കടുത്ത നടപടിയുണ്ടാകുമെന്നും അധ്ികൃതര്‍ പറയുന്നു.


Other News in this category



4malayalees Recommends