ഡല്‍ഹിയില്‍ ഹോട്ടലില്‍ തീപിടിത്തം; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ ഹോട്ടലില്‍ തീപിടിത്തം; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്
സൗത്ത് ഡല്‍ഹിയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാളവ്യനഗറിലുള്ള റസ്റ്റോറന്റിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. അപകടത്തിനിടെ ശ്വാസം മുട്ടിയാണ് പലരും മരിച്ചിരിക്കുന്നത്. മരിച്ചവരില്‍ ഏറെയും വിദേശികളാണെന്നും വിവരമുണ്ട്. തീപിടിച്ചതിന് പിന്നാലെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ചാടിയിരുന്നു.

രാവിലെ 9.45ഓടെയാണ് തീപിടിത്തം സംബന്ധിച്ച് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 37 പേരെ രക്ഷപ്പെടുത്താനായതായും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് ദൃക്സാക്ഷികളുടെ മൊഴിയുണ്ട്.

ബേസ്മെന്റ് ഉള്‍പ്പടെ അഞ്ച് നിലയുള്ള ഹോട്ടലില്‍ 25 മുറികള്‍ ഉണ്ടായിരുന്നു. വിനോദസഞ്ചാരികള്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ സംഭവം നടക്കുമ്പോള്‍ ഇവിടെ താമസിച്ചിരുന്നു. എന്നാല്‍ 6 റൂമിന് മാത്രമാണ് ഹോട്ടലിന് അനുമതി ഉണ്ടായിരുന്നതെന്നാണ് വിവരം. ബേസ്മെന്റില്‍ ഉള്‍പ്പെട ചട്ടങ്ങള്‍ ലംഘിച്ച് ആളുകളെ താമസിപ്പിച്ചിരുന്നു. തീപിടിത്തമുണ്ടായപ്പോള്‍ ഇടുങ്ങിയ കെട്ടിടത്തില്‍ നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാനായില്ല. തീയണക്കാനുള്ള സംവിധാനങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. ഹോട്ടലിലേക്കുള്ള ഇടുങ്ങിയ വഴിയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

അപകടത്തില്‍പ്പെട്ടവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും.

Other News in this category



4malayalees Recommends