ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് 'ഉള്ളൊഴുക്ക്'. സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും സിനിമ നേടിയിരുന്നു. ഇപ്പോഴിതാ ഉള്ളൊഴുക്ക് താന്‍ ആദ്യം നോ പറഞ്ഞിരുന്നുവെന്നും ചെയ്യാന്‍ താല്പര്യം ഇല്ലായിരുന്നുവെന്നും പറയുകയാണ് ഉര്‍വശി. ഒഴിവാക്കാന്‍ പല വഴി ശ്രമിച്ചിട്ടും നടന്നില്ലെന്നും അവസാനം നിവര്‍ത്തിയില്ലാതെ ചെയ്തതെന്നും നടി പറഞ്ഞു.
'ഒരുപാട് ഡാര്‍ക്ക് സിനിമകള്‍ എനിക്ക് ഇഷ്ടമല്ല. 'ഉള്ളൊഴുക്ക്' പോലെയുള്ള സിനിമകള്‍ അടുപ്പിച്ചു ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ഒരു പരിധി വരെ നാച്ചുറല്‍ ആയി അഭിനയിക്കണം എന്ന് കരുതുമ്പോള്‍, ഇമോഷണല്‍ സിനിമകള്‍ തുടരെ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കും. ഞാന്‍ അഭിനയത്തില്‍ ഒരുപാട് ഗ്ലിസറിന്‍ ഉപയോഗിക്കാറില്ല. ചില സീനുകള്‍ മാത്രം ഇമോഷണല്‍ ആയി ചെയ്യുമ്പോള്‍ കുഴപ്പമില്ല, എന്നാല്‍ ആ സിനിമ മുഴുവന്‍ ഇമോഷണല്‍ ആവുമ്പോള്‍ വല്ലാത്തൊരു ബുദ്ധിമുട്ടാണ്.
ആദ്യം 'ഉള്ളൊഴുക്കി'ന്റെ കഥ കേട്ടപ്പോള്‍ തന്നെ വേണ്ട എന്ന് തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായി 45 ദിവസം ഷൂട്ട് ഉള്ള സിനിമയില്‍ മുഴുവന്‍ ഇമോഷണല്‍ ആയി അഭിനയിക്കാന്‍ കഴിയില്ലെന്നതായിരുന്നു കാരണം. എന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എന്നെ വിടാന്‍ ഭാവമില്ലായിരുന്നു. ഞാന്‍ ആദ്യം 'നോ' പറഞ്ഞു. എന്നാല്‍ 4 വര്‍ഷം കഴിഞ്ഞും വീണ്ടും വീണ്ടും ആവര്‍ത്തിച്ചു വിളിച്ചുകൊണ്ടേ ഇരുന്നപ്പോള്‍ ഒഴിവാക്കാന്‍ എന്തൊക്കെ പറയാമോ അതെല്ലാം പറഞ്ഞുനോക്കി. ആദ്യം ഡേറ്റ് ഇല്ല എന്ന് പറയും. അപ്പോള്‍ 'എപ്പോഴാണ് ഡേറ്റ് ഉള്ളത് അപ്പോള്‍ മതി' എന്ന് അവര്‍ മറുപടി പറയുമ്പോള്‍ നമ്മള്‍ പെട്ടുപോകും.
അപ്പോള്‍ ചില സീനുകള്‍ ഇഷ്ടമായില്ല എന്ന് പറയുമ്പോള്‍ 'എവിടെയാണ് മാറ്റം വരുത്തേണ്ടത്' എന്ന് ചോദിക്കും. അവസാനം ഒഴിവാക്കാന്‍ വേണ്ടി വലിയൊരു തുക പ്രതിഫലമായി ചോദിക്കും. അങ്ങനെ ചെയ്യുമ്പോള്‍ ഏറെക്കുറെ എല്ലാ സംവിധായകരും ഓടിപ്പോകാറുള്ളതാണ്. എന്നാല്‍ ഇവര്‍ അതും ഓക്കെ ആണെന്ന് പറഞ്ഞപ്പോള്‍ എന്ത് ചെയ്യും? അങ്ങനെയാണ് ഞാന്‍ 'ഉള്ളൊഴുക്ക്' ചെയ്തത്,'ഉര്‍വശി പറഞ്ഞു.