കട്ടിലില്‍ നിന്ന് വീണു മരിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം ; 11 മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ നിരവധി പരിക്കുകള്‍ ; ക്രൂര മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരണം ; പിതാവ് അറസ്റ്റില്‍

കട്ടിലില്‍ നിന്ന് വീണു മരിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം ; 11 മാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ നിരവധി പരിക്കുകള്‍ ; ക്രൂര മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരണം ; പിതാവ് അറസ്റ്റില്‍
കര്‍ണാടകയിലെ ബെംഗളൂരുവില്‍ 11 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം കുഞ്ഞ് കട്ടിലില്‍ നിന്ന് വീണ് അപകടം സംഭവിച്ചതാണെന്ന് വരുത്തിതീര്‍ക്കാനും ഇവര്‍ ശ്രമിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവായ ശേഖപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മരണത്തില്‍ അമ്മ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡ് ഡിവിഷന്‍ പരിധിയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും വൈറ്റ്ഫീല്‍ഡ് ഡിസിപി സൈദുലു അദാവത്ത് വ്യക്തമാക്കി.

വിജയലക്ഷ്മി കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉറങ്ങിപ്പോയെന്നും ഈ സമയം 11 മാസം പ്രായമുള്ള രേണുക എന്ന കുഞ്ഞ് കട്ടിലില്‍ നിന്ന് താഴേക്ക് വീണെന്നുമാണ് പിതാവ് ശേഖപ്പ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. ഉടനടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞ് വീണുവെന്ന് പറയപ്പെടുന്ന കട്ടിലിന് വെറും രണ്ടടി മാത്രമാണ് ഉയരമുണ്ടായിരുന്നത്. ഇതാണ് പ്രാഥമിക പരിശോധനയില്‍ പൊലീസിന് സംശയമുണ്ടാകാന്‍ കാരണം. ഇത്രയും കുറഞ്ഞ ഉയരത്തില്‍ നിന്ന് വീണാല്‍ മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് മനസ്സിലാക്കിയ പൊലീസ് വിശദമായ അന്വേഷണം നടത്തി.

ഇന്‍ക്വസ്റ്റ് നടപടികളിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കുഞ്ഞിന്റെ മുഖം, നെഞ്ച്, കാലുകള്‍, രഹസ്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിരവധി പരിക്കുകള്‍ കണ്ടെത്തി. ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവവും ശ്വാസതടസ്സവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കുകള്‍ നടക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. അമ്മയുടെ പങ്കിനെക്കുറിച്ച് നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി സൈദുലു അദാവത്ത് വ്യക്തമാക്കി.

സംഭവ ദിവസവും ദമ്പതികള്‍ തമ്മില്‍ കടുത്ത വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ കുഞ്ഞ് ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയത് പിതാവ് ശേഖപ്പയെ പ്രകോപിപ്പിച്ചു. ദേഷ്യം സഹിക്കാനാവാതെ ഇയാള്‍ കുഞ്ഞിനെ ചവിട്ടുകയും നിലത്തേക്ക് വലിച്ചെറിയുകയുമായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Other News in this category



4malayalees Recommends