ആള്‍ട്ടോ കാറില്‍ ഓവര്‍ടേക്ക് ചെയ്തു, എക്‌സ്പ്രസ്സ് വേയില്‍ കുടുംബത്തെ ക്രൂരമായി തല്ലിച്ചതച്ച് യുവാക്കള്‍

ആള്‍ട്ടോ കാറില്‍ ഓവര്‍ടേക്ക് ചെയ്തു, എക്‌സ്പ്രസ്സ് വേയില്‍ കുടുംബത്തെ ക്രൂരമായി തല്ലിച്ചതച്ച് യുവാക്കള്‍
ഓവര്‍ ടേക്ക് ചെയ്തതിനെ ചൊല്ലി കാര്‍ യാത്രികരെ തല്ലി ചതച്ച് യുവാക്കളുടെ സംഘം. ബെംഗളൂരു മൈസൂരു എക്‌സ്പ്രസ്വേയില്‍ റോഡ് ഗതാഗതം തടസപ്പെടുത്തിയാണ് കുടുംബം യാത്ര ചെയ്ത കാര്‍ യുവാക്കളുടെ സംഘം തടഞ്ഞു നിര്‍ത്തിയത്. മാരുതി ആള്‍ട്ടോ കാറിന് മുന്നില്‍ വാഹനം നിര്‍ത്തി ഒരു സംഘം യുവാക്കള്‍ ഓടിവരുന്നതും കാര്‍ ഓടിച്ചിരുന്നയാളെ ഡോര്‍ തുറന്ന് ആക്രമിക്കുന്നതുമായ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്രൂരമായ മര്‍ദ്ദനത്തിനിരയായ ആള്‍ട്ടോ കാറിന് പിന്നിലുണ്ടായിരുന്ന കാറിലെ ഡാഷ് ക്യാമറയിലാണ് ആക്രമണം പതിഞ്ഞത്. ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍, വയോധിക എന്നിവര്‍ സഞ്ചരിച്ച കാറാണ് യുവാക്കളുടെ സംഘം തടഞ്ഞത്. 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്ത് വന്നത്. ഓടിക്കൊണ്ടിരുന്ന ആള്‍ട്ടോ കാറിന് മുന്നില്‍ മറ്റൊരു വാഹനം നിര്‍ത്തിയതോടെയാണ് കാര്‍ നടുറോഡില്‍ നിര്‍ത്തുന്നത്. പിന്നാലെ യുവാക്കളുടെ സംഘം പാഞ്ഞെത്തി ഡ്രൈവറുടെ ഡോര്‍ വലിച്ച് തുറന്ന് മര്‍ദ്ദനം ആരംഭിക്കുകയാണ്. ആള്‍ട്ടോ കാര്‍ ഓവര്‍ ടേക്ക് ചെയ്തതാണ് യുവാക്കളെ പ്രകോപിതരാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹാസന്‍ ആര്‍ടിഒയ്ക്ക് കീഴിലുള്ള വാഹനത്തിലെത്തിയ യുവാക്കളാണ് ആക്രമണം നടത്തിയത്.

ആക്രമണം രൂക്ഷമായതോടെ കുടുംബാംഗങ്ങള്‍ ഗൃഹനാഥനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും ഗതാഗതം തടസപ്പെട്ടതോടെ സമീപ കാറിലുണ്ടായിരുന്നവര്‍ യുവാക്കളെ ശാന്തരാക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്. എന്നാല്‍ ഡ്രൈവറെ വലിച്ച് പുറത്ത് ഇട്ട ശേഷവും യുവാക്കള്‍ ആക്രമണം തുടരുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ഞായറാഴ്ച രാത്രിയാണ് ക്രൂരമായ ആക്രമണം നടന്നത്.

Other News in this category



4malayalees Recommends