എനിക്ക് അവരെ ഇഷ്ടമാണ്, പക്ഷേ അവര്‍ ഒരു തെറ്റ് ചെയ്തു'; മെലോണിയുടെ ഇറാന്‍ നിലപാടില്‍ ട്രംപ്

എനിക്ക് അവരെ ഇഷ്ടമാണ്, പക്ഷേ അവര്‍ ഒരു തെറ്റ് ചെയ്തു'; മെലോണിയുടെ ഇറാന്‍ നിലപാടില്‍ ട്രംപ്
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെലോണി നല്ലൊരു വ്യക്തിയാണെങ്കിലും ഇറാനെ പിന്തുണയ്ക്കാനുള്ള അവരുടെ തീരുമാനം തങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്ന് ട്രംപ് പ്രതികരിച്ചു. അങ്കാരയില്‍ നാറ്റോ ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിലെ യുഎസിന്റെ പ്രവര്‍ത്തനങ്ങളെ ഇറ്റലി പിന്തുണയ്ക്കാത്തത് തന്നെയാണ് അസ്വാരസ്യങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം മെലോണിയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്താന്‍ ട്രംപ് തയ്യാറായില്ല. വ്യക്തിപരമായി അവര്‍ നല്ലതാണെന്ന് കൂടി കൂട്ടിച്ചേര്‍ത്തായിരുന്നു പ്രതികരണം. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി.

ഇറാന്‍, നാറ്റോ എന്നീ വിഷങ്ങളില്‍ പൊരുത്തക്കേടുകള്‍ വ്യക്തമാക്കി സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത് വാര്‍ത്തയായിരുന്നു. ഇതോടെ ട്രംപിന് യൂറോപ്യന്‍ നേതാവുമായി ഉണ്ടായിരുന്ന ശക്തമായ ബന്ധത്തിലാണ് വിള്ളല്‍ വീണത്.

'അവര്‍ കൂടെ നില്‍ക്കാന്‍ തയ്യാറായില്ല, ഇത് ഞാനും അവരുമായുണ്ടായിരുന്ന ബന്ധത്തെ ചെറുതായൊന്ന് വഷളാക്കി. പക്ഷേ അവരെ എനിക്ക് ഇഷ്ടമാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ നല്ലൊരു വ്യക്തിയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പക്ഷേ അവര്‍ തെറ്റ് ചെയ്തെന്ന് ഞാന്‍ കരുതുന്നു', ട്രംപ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി. ഒപ്പം ഇറാനെതിരെ തങ്ങളെ സഹായിക്കണമെന്ന ആവശ്യം അവര്‍ നിരാകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്പില്‍ നിന്നുള്ള സഖ്യകക്ഷികള്‍ തങ്ങളെ പിന്തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചു. 2025ലെ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു മെലോണി. കുടിയേറ്റം, ദേശീയ പരമാധികാരം, സുരക്ഷ എന്നീ വിഷയങ്ങളില്‍ ഇരുവരുടെയും നിലപാടുകളും സമാനതകളുള്ളതായിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റവും മികച്ച സഖ്യകക്ഷി ബന്ധമുണ്ടാകുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

എന്നാല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ പോപ്പ് ലിയോയുടെ നിലപാടിനെതിരെ ട്രംപ് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പോപ്പിനെ പിന്തുണച്ച് മെലോണിയും പരസ്യ പ്രതികരണം നടത്തി. പിന്നാലെയാണ് ഇരുനോതാക്കളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തില്‍ പോറലുണ്ടായത്. ഈ സാഹചര്യത്തില്‍ ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങളിലും യുഎസിനെ പിന്തുണയ്ക്കാന്‍ മെലോണി തയ്യാറായിരുന്നില്ല.

Other News in this category



4malayalees Recommends