ജീവനൊടുക്കിയ യുവതിയുടെ മൃതദേഹവുമായി കാമുകന്റെ വീട്ടുമുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം; താലി ചാര്‍ത്തണമെന്ന ആവശ്യം

ജീവനൊടുക്കിയ യുവതിയുടെ മൃതദേഹവുമായി കാമുകന്റെ വീട്ടുമുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം; താലി ചാര്‍ത്തണമെന്ന ആവശ്യം
ആന്ധ്രപ്രദേശില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കിയ യുവതിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ കാമുകന്റെ വീട്ടുമുന്നില്‍ പ്രതിഷേധിച്ചതോടെ നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറി. മൃതദേഹത്തില്‍ കാമുകനെ കൊണ്ട് താലി ചാര്‍ത്തിക്കണമെന്നും യുവതിയുടെ അവസാന ആഗ്രഹപ്രകാരം കാമുകന്റെ ഗ്രാമത്തില്‍ തന്നെ സംസ്‌കാരം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഗുണ്ടൂര്‍ ജില്ലയിലെ പ്രതിപ്പാട് മണ്ഡലത്തിലെ കൊണ്‍ഡ്രുപാണ്ഡു സ്വദേശിനിയായ അദ്ദഗല്ല കീര്‍ത്തി (24) മുംബൈയിലെ ഒരു പി.ജി. ഹോസ്റ്റലില്‍ ജൂലൈ 14-നാണ് മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടത്. മുംബൈയില്‍ ഐ.ടി. മേഖലയിലെ ജീവനക്കാരിയായിരുന്ന കീര്‍ത്തി, ഖത്തറില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന സായ് സുമന്തുമായി എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ വിശദീകരണം. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരുടെയും പരിചയം.

സമീപകാലത്ത് വിവാഹത്തില്‍നിന്ന് സായ് സുമന്ത് പിന്മാറിയതിനെ തുടര്‍ന്നാണ് കീര്‍ത്തി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. മരിക്കുന്നതിന് മുമ്പ് തന്റെ മൃതദേഹം സായ് സുമന്തിന്റെ സ്വദേശമായ പ്രകാശം ജില്ലയിലെ തംഗുതുരു മണ്ഡലത്തിലെ പൊണ്ടൂരുവില്‍ സംസ്‌കരിക്കണമെന്നായിരുന്നു കീര്‍ത്തിയുടെ അവസാന ആഗ്രഹമെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈയില്‍നിന്ന് മൃതദേഹവുമായി പൊണ്ടൂരുവിലെത്തിയ ബന്ധുക്കള്‍ സുമന്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു. സുമന്ത് അന്ന് നാട്ടിലുണ്ടായിരുന്നില്ല. വീട്ടുകാര്‍ മൃതദേഹത്തില്‍ താലി ചാര്‍ത്താന്‍ സമ്മതിക്കണമെന്നും മകളുടെ അവസാന ആഗ്രഹം നിറവേറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും നേരിയ സംഘര്‍ഷവുമുണ്ടായി.

ഒടുവില്‍ മൃതദേഹം സായ് സുമന്തിന്റെ ഗ്രാമത്തില്‍ തന്നെ സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. സംഭവത്തില്‍ മുംബൈ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

Other News in this category



4malayalees Recommends