ഡോണള്‍ഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി: ശവപ്പെട്ടികള്‍ക്ക് മുകളില്‍ കുടുംബാംഗങ്ങളുടെ ചിത്രം പതിച്ച് പരസ്യബോര്‍ഡ്

ഡോണള്‍ഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി: ശവപ്പെട്ടികള്‍ക്ക് മുകളില്‍ കുടുംബാംഗങ്ങളുടെ ചിത്രം പതിച്ച് പരസ്യബോര്‍ഡ്
പശ്ചിമേഷ്യയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി. അമേരിക്കന്‍ പതാക പുതച്ച ശവപ്പെട്ടികള്‍ക്ക് മുകളില്‍ ട്രംപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ പതിച്ച കൂറ്റന്‍ പരസ്യബോര്‍ഡ് ഉയര്‍ത്തിയാണ് ഭീഷണി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ പലസ്തീന്‍ സ്‌ക്വയറില്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡിലൂടെയാണ് വെല്ലുവിളി. വൈറ്റ് ഹൗസ് പശ്ചാത്തലമായ ചിത്രത്തില്‍ ചോരയ്ക്ക് പകരം ചോര എന്ന മുദ്രാവാക്യവും എഴുതിയിട്ടുണ്ട്.

ഡൊണാള്‍ഡ് ട്രംപ്, പങ്കാളി മെലാനിയ ട്രംപ്, മക്കളായ ഇവാന്‍ക, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, എറിക്, ടിഫാനി, ബാരണ്‍ ട്രംപ് എന്നിവരുടെ ചിത്രങ്ങളാണ് ശവപ്പെട്ടികള്‍ക്ക് മുകളിലായി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് അലി ഖമനെയിയുടെയും അദ്ദേഹത്തിന്റെ മകള്‍, മരുമക്കള്‍, പേരക്കുട്ടി എന്നിവരുടെയും മരണത്തിന് പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനമായാണ് ഈ ബോര്‍ഡ് വിലയിരുത്തപ്പെടുന്നത്. ടെഹ്റാനിലെ എംഗലാബ് സ്‌ക്വയറില്‍ സ്ഥാപിച്ച മറ്റൊരു ബോര്‍ഡില്‍ കണ്ണുകള്‍ അടച്ച്, മുടി അലങ്കോലമായി ശവപ്പെട്ടിയില്‍ കിടക്കുന്ന ട്രംപിന്റെ ചിത്രമുണ്ട്. ഇതിന് താഴെ 'ഞങ്ങള്‍ ട്രംപിനെ കൊല്ലും' എന്ന് പേര്‍ഷ്യന്‍ ഭാഷയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. കൂടാതെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ പേരിന് താഴെ 'അടുത്തത് ആര്?' എന്ന ചോദ്യവുമുണ്ട്. കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുകയാണ് ഇറാന്‍.

Other News in this category



4malayalees Recommends