നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് തൂക്കുകയര്‍. 20 ലക്ഷം പിഴയും അടയ്ക്കണം. പിഴ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്കാണ് നല്‍കേണ്ടത്. ചെന്താമരയ്ക്ക് തുക നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ഇത് സര്‍ക്കാര്‍ നല്‍കണം. ചെന്താമര തുക നല്‍കിയില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ് അനുഭവിക്കണം. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. വിധി കേട്ട ചെന്താമരയ്ക്ക് ഇന്നും കോടതിയില്‍ ഭാവവ്യത്യാസം ഉണ്ടായിരുന്നില്ല.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന് നിരീക്ഷിച്ച കോടതി, സാഹചര്യ തെളിവുകള്‍ കാരണം വധശിക്ഷ നല്‍കാന്‍ കഴിയില്ല എന്ന് പറയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. അതിവേഗം കുറ്റപത്രം സമര്‍പ്പിച്ചതിന് ഡിവൈഎസ്പിയെയും സംഘത്തെയും കോടതി അഭിനന്ദിച്ചു. ചെന്താമരയുടെ വധശിക്ഷ ഇനി ഹൈക്കോടതി ശരിവെക്കേണ്ടതുണ്ട്.
വിധി കേള്‍ക്കാന്‍ സുധാരന്റെ മക്കള്‍ അതുല്യയും അഖിലയും കോടതിയില്‍ എത്തിയിരുന്നു. കേസ് അന്വേഷിച്ച ഡിവൈഎസ്പി എന്‍ മുരളീധരനും കോടതിയിലെത്തി. പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടും പ്രതിക്കെതിരായ പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടും കോടതിയില്‍ വായിച്ചു. മാനസാന്തരപ്പെടാനുള്ള സാധ്യത കൂടി നോക്കിയാണ് ശിക്ഷ വിധിക്കാറുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിന് പ്രശ്നക്കാരന്‍ ആണെങ്കില്‍ വധശിക്ഷ നല്‍കാമെന്ന് വിവിധ ഹൈക്കോടതികളുടെ വിധിയുണ്ട്. കൊലപാതകം പ്രതി തുടര്‍ച്ചയായി ന്യായീകരിക്കുന്നു. കുറ്റകൃത്യത്തിന് ശേഷം പ്രതി വിഷം കഴിച്ചു എന്നതിന് തെളിവ് ഇല്ല. മാനസിക പ്രശ്നം ഉള്ളതിനാല്‍ സ്വയം അവസാനിപ്പിക്കാന്‍ ചെന്താമര വീട്ടില്‍ വിഷം സൂക്ഷിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദം തെളിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല്‍ വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞത്.
കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.