വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈന്‍ ലെവിറ്റ് സ്ഥാനമൊഴിയുന്നു; ട്രംപിന്റെ ഉപദേശകയായി തുടരും

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈന്‍ ലെവിറ്റ് സ്ഥാനമൊഴിയുന്നു; ട്രംപിന്റെ ഉപദേശകയായി തുടരും
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈന്‍ ലെവിറ്റ് സ്ഥാനമൊഴിയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം അവസാനത്തോടെ കാരലൈന്‍ ലെവിറ്റ് പദവിയൊഴിയുമെന്നും കുട്ടികള്‍ക്കും കുടുംബത്തിനും ഒപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് അവര്‍ സ്ഥാനമൊഴിയുന്നതെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. അതേസമയം, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവി ഒഴിയുമെങ്കിലും ലെവിറ്റ് തന്റെ ഉപദേശകയായി തുടരുമെന്നും ട്രംപ് അറിയിച്ചു.

സ്ഥാനമൊഴിയുമെന്ന് ട്രംപ് അറിയിച്ചതിന് പിന്നാലെ സ്ഥിരീകരണവുമായി കാരലൈന്‍ ലെവിറ്റും സാമൂഹികമാധ്യമത്തില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു. വൈറ്റ് ഹൗസ് പോഡിയത്തില്‍ പ്രസിഡന്റിന് വേണ്ടി സംസാരിക്കാനുള്ള അവസരം നല്‍കിയതിന് പ്രസിഡന്റ് ട്രംപിനോട് നന്ദിയുണ്ടെന്ന് അവര്‍ സാമൂഹികമാധ്യമത്തില്‍ കുറിച്ചു. ലിബറല്‍ മാധ്യമങ്ങളെ ഉത്തരവാദിത്ത ബോധമുള്ളവരാക്കാനും പ്രസിഡന്റ് ട്രംപിനെക്കുറിച്ചുള്ള സത്യങ്ങള്‍ ജനങ്ങള്‍ അറിയുന്നുവെന്ന് ഉറപ്പാക്കാനും ഇക്കാലയളവില്‍ കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാണ് 28-കാരിയായ കാരലൈന്‍ ലെവിറ്റ്. യുഎസ് പ്രസിഡന്റിന്റെ മുഖ്യവക്താവാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാളെന്ന നേട്ടവും ലെവിറ്റിനായിരുന്നു. പത്രസമ്മേളനങ്ങള്‍ അനായസം കൈകാര്യംചെയ്ത് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ത്തന്നെ ലെവിറ്റ് ശ്രദ്ധേയയായി. കഴിഞ്ഞ മേയില്‍ തനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതായി കാരലൈന്‍ ലെവിറ്റ് അറിയിച്ചിരുന്നു. വിവിയാന എന്നാണ് കുഞ്ഞിന് പേരിട്ടതെന്നും പ്രസ് സെക്രട്ടറി പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends