'എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കില്‍, അങ്ങനെ തന്നെയാകട്ടെ'; 14 അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കി നിഷ ജോസ് കെ. മാണി

'എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കില്‍, അങ്ങനെ തന്നെയാകട്ടെ'; 14 അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കി നിഷ ജോസ് കെ. മാണി
മരണശേഷം അവയവങ്ങള്‍ ദാനംചെയ്യാനുള്ള സമ്മതപത്രം നല്‍കി എഴുത്തുകാരിയും കെഎം മാണി സെന്റര്‍ ഫോര്‍ ബജറ്റ് റിസര്‍ച്ച് ചെയര്‍പേഴ്‌സണുമായ നിഷ ജോസ് കെ. മാണി. കേന്ദ്ര ആരോ?ഗ്യമന്ത്രാലയത്തിന് കീഴിലെ നോട്ടോ(നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍)യിലാണ് നിഷ ജോസ് കെ.മാണി അവയവദാനത്തിനായി രജിസ്റ്റര്‍ ചെയ്തത്. കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ ഭാര്യയായ നിഷ ജോസ് കെ.മാണി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഹൃദയവും കണ്ണുകളും വൃക്കയും കരളും ഉള്‍പ്പെടെ 14 അവയവങ്ങള്‍ ദാനം ചെയ്യാനാണ് നിഷ സമ്മതപത്രം നല്‍കിയിരിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റും അവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

''എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കില്‍, അങ്ങനെ തന്നെയാകട്ടെ. എന്റെ മരണം വെറുമൊരു വിടവാങ്ങല്‍ മാത്രമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. അതൊരു തുടര്‍ച്ചയായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

വീണ്ടും മിടിക്കുന്ന ഹൃദയം. മറ്റൊരു സൂര്യോദയം കാണാന്‍ കഴിയുന്ന കണ്ണുകള്‍. വര്‍ഷങ്ങളുടെ കഷ്ടപ്പാടുകളില്‍ നിന്ന് ഒരാള്‍ക്ക് മോചനം നല്‍കുന്ന ഒരു വൃക്ക. മറ്റൊരു മനുഷ്യന് അവര്‍ സ്‌നേഹിക്കുന്ന ആളുകളുമായി കൂടുതല്‍ സമയം നല്‍കാന്‍ കഴിയുന്ന ഒരു കരള്‍, ശ്വാസകോശം, ടിഷ്യുകള്‍, മറ്റ് സമ്മാനങ്ങള്‍. ഞാന്‍ 14 അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കി. എന്റെ ശരീരം മണ്ണിലേക്ക് മടങ്ങുന്നതിന് മുമ്പ്, കഴിയുന്നത്ര ജീവന്‍ പകരട്ടെ. എന്റെ മകള്‍ക്ക് എന്റെ ശരീരം നഷ്ടപ്പെട്ടേക്കാം...?പക്ഷേ എന്റെ സ്‌നേഹം ഒരിക്കലും നഷ്ടപ്പെടില്ല.14 അവയവങ്ങള്‍...14 ജീവിതസാധ്യതകള്‍...ഒരു ജീവിതത്തിന്റെ അവസാന സമ്മാനം'', നിഷ ജോസ് കെ. മാണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Other News in this category



4malayalees Recommends