ഇന്‍സ്റ്റ സുഹൃത്തില്‍ നിന്നും അവിവാഹിതയായ മകള്‍ ഗര്‍ഭിണിയായി ; നദിയില്‍ മുക്കിക്കൊന്നു പിതാവ്

ഇന്‍സ്റ്റ സുഹൃത്തില്‍ നിന്നും അവിവാഹിതയായ മകള്‍ ഗര്‍ഭിണിയായി ; നദിയില്‍ മുക്കിക്കൊന്നു പിതാവ്
ഡല്‍ഹിയില്‍ ഗര്‍ഭിണിയായ 18കാരിയായ മകളെ പിതാവ് ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന കേസില്‍ 52കാരന്‍ അറസ്റ്റില്‍. തെക്കന്‍ ഡല്‍ഹിയിലെ തിഗ്രിയില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ലഖ്പത് സിങ് ആണ് അറസ്റ്റിലായത്. മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമൂഹിക അപമാനഭയം മൂലമാണ് കൊലപാതകത്തിന് പദ്ധതിയിട്ടതെന്നാണ് പൊലീസ് പറയുന്നത്.

വൈദ്യചികിത്സയ്ക്കായി നാട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് മകളെ ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ജൂലൈ 29ന് ബന്ധുവിനൊപ്പമാണ് ഇയാള്‍ മകളെ ആഗ്രയിലെ ബസൗനി മേഖലയിലെ ചംബല്‍ നദിക്കരയിലെത്തിച്ചത്. തുടര്‍ന്ന് ആസൂത്രിതമായി മകളെ നദിയില്‍ മുക്കിക്കൊന്നെന്നാണ് ആരോപണം.

സംഭവത്തിനിടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങിയ ലഖ്പത് സിങ് മകളെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണെന്ന് തോന്നിപ്പിക്കാനായിരുന്നു ശ്രമമെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ പരാതിക്കാരന്റെ മൊഴികളില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. ചോദ്യം ചെയ്യലിനൊടുവില്‍ ലഖ്പത് സിങ്ങിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. ഇരുവരെയും പിന്നീട് ആഗ്രയിലെ സംഭവസ്ഥലത്തും എത്തിച്ച് അന്വേഷണം നടത്തി.

അതേസമയം, 18കാരിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചംബല്‍ നദിയില്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Other News in this category



4malayalees Recommends