ഓസ്‌ട്രേലിയയില്‍ പോളിന്‍ ഹാന്‍സണിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം

ഓസ്‌ട്രേലിയയില്‍ പോളിന്‍ ഹാന്‍സണിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം
ഓസ്‌ട്രേലിയയില്‍ പോളിന്‍ ഹാന്‍സന്‍ നയിക്കുന്ന വണ്‍ നേഷന്‍ പാര്‍ട്ടിക്കെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഓഗസ്റ്റ് 13-ന് സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബേന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഹൈസ്‌കൂള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ നിന്ന് ഇറങ്ങിവന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തു. നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് സെ നോ ടു ഹാന്‍സന്‍ എന്ന പ്രതിഷേധത്തിന്റെ ഭാഗമായി മെല്‍ബണിലെ സ്റ്റേറ്റ് ലൈബ്രറിക്ക് മുന്നില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഒത്തുകൂടി. വണ്‍ നേഷന്‍ വിരുദ്ധ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഹാന്‍സന്റെ രൂപത്തിലുള്ള പിനാറ്റയും പ്രതിഷേധത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

മുന്‍ വിക്ടോറിയന്‍ ഗ്രീന്‍സ് നേതാവ് സാമന്ത റാറ്റ്‌നം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും പ്രതിഷേധത്തില്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ വലിയ പങ്കാളിത്തം പ്രതീക്ഷ നല്‍കുന്നതാണെന്നും വണ്‍ നേഷന്റെ വളര്‍ച്ച തടയാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും റാറ്റ്‌നം പറഞ്ഞു.

അതേസമയം പ്രതിഷേധത്തെ ശക്തമായി വിമര്‍ശിച്ച് ഹാന്‍സന്‍ രംഗത്തെത്തി. വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച് പ്രതിഷേധിക്കുന്നതിന് പകരം ജീവിതച്ചെലവ് ഉള്‍പ്പെടെയുള്ള സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു അവരുടെ പ്രതികരണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X-ലും വിദ്യാര്‍ഥികള്‍ക്കായി അവര്‍ സന്ദേശം പങ്കുവെച്ചു.

രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധം യുവാക്കളുടെ രാഷ്ട്രീയ ഇടപെടലിനുള്ള അവകാശവും ക്ലാസ് സമയത്തെ പ്രതിഷേധവും സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്

Other News in this category



4malayalees Recommends