പ്രേതഭയം; 600ഓളം വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിട്ടു: അമരാവതിയിലെ സ്‌കൂളില്‍ അസാധാരണ പ്രതിസന്ധി

പ്രേതഭയം; 600ഓളം വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിട്ടു: അമരാവതിയിലെ സ്‌കൂളില്‍ അസാധാരണ പ്രതിസന്ധി
അമരാവതി: ഹോസ്റ്റലില്‍ പ്രേതബാധയുണ്ടെന്ന ഭീതിയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഗോത്രവര്‍ഗ സ്‌കൂളില്‍ നിന്ന് 600ഓളം വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിട്ടുപോയതായി റിപ്പോര്‍ട്ട്. ചിക്കല്‍ദാര താലൂക്കിലെ ഡോമ ഗ്രാമത്തിലുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് അസാധാരണ സാഹചര്യം ഉണ്ടായത്. ഇവിടെ ആകെ 810 വിദ്യാര്‍ഥികളാണ് താമസിച്ച് പഠിക്കുന്നത്.ജൂലൈ 22ന് നാല് പെണ്‍കുട്ടികള്‍ അസാധാരണമായി പെരുമാറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നിയന്ത്രണമില്ലാതെ കരയുകയും ചിരിക്കുകയും ചെയ്തതോടെ ഹോസ്റ്റലില്‍ എന്തോ അമാനുഷിക സാന്നിധ്യമുണ്ടെന്ന പ്രചാരണം ശക്തമായി. ചില വിദ്യാര്‍ഥികള്‍ പാദസരത്തിന്റെ കിലുക്കം കേട്ടതായും അവകാശപ്പെട്ടു. ഇതോടെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി കുട്ടികള്‍ ഹോസ്റ്റല്‍ വിട്ടുപോയി.

എന്നാല്‍ വിദ്യാര്‍ഥികളുടെ പെരുമാറ്റത്തിന് പിന്നില്‍ അമാനുഷിക കാരണങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ പരിശോധനയിലെ കണ്ടെത്തല്‍. മാനസിക സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട 'മാസ് സൈക്കോജെനിക് ഇല്‍നെസ്' പോലുള്ള അവസ്ഥയായിരിക്കാമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

ഇതിനിടെ പ്രദേശത്ത് പ്രചരിക്കുന്ന വിവിധ കഥകളും വിദ്യാര്‍ഥികളിലെ ഭയം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന മഹുവ മരം മുറിച്ചുമാറ്റിയതോടെ അതില്‍ വസിച്ചിരുന്ന ആത്മാക്കള്‍ കോപിച്ചുവെന്നായിരുന്നു ഒരു പ്രചാരണം. സ്‌കൂളിലെ ഡ്രെയിനേജ് പൈപ്പുകള്‍ പ്രധാന ദേവന്റെ ക്ഷേത്രത്തിന് സമീപത്തുകൂടി കടന്നുപോകുന്നത് ദൈവത്തെ പ്രകോപിപ്പിച്ചുവെന്ന വിശ്വാസവും ചിലര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു.

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഭയം അകറ്റുന്നതിനായി അധികൃതര്‍ കൗണ്‍സിലിങ് നടത്തി. അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പോകാതെ ഭയമില്ലാതെ ക്ലാസുകളിലേക്ക് മടങ്ങിയെത്തണമെന്ന് വിദ്യാര്‍ഥികളോട് അധികൃതര്‍ അഭ്യര്‍ഥിച്ചു.

Other News in this category



4malayalees Recommends