വിവാഹബന്ധം വേര്‍പെടുത്താതെ ഭാര്യയെ ഉപേക്ഷിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ 20% ശമ്പളം പിടിക്കും: അസം മുഖ്യമന്ത്രി

വിവാഹബന്ധം വേര്‍പെടുത്താതെ ഭാര്യയെ ഉപേക്ഷിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ 20% ശമ്പളം പിടിക്കും: അസം മുഖ്യമന്ത്രി
നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താതെ ഒന്നാം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 20 ശതമാനം പിടിച്ചെടുത്ത് നേരിട്ട് ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗുവഹാത്തിയിലെ ഖാനാപ്പാറയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാധിക്കപ്പെട്ട ഭാര്യമാര്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തുക ഈടാക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും സമാനമായ സംരക്ഷണം ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമാധാനത്തിലും സുസ്ഥിര വികസനത്തിലും അടിസ്ഥാനമാക്കി അസം സ്വന്തമായ വികസന മാതൃക കെട്ടിപ്പടുക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ യുവാക്കള്‍ക്ക് സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇനി പുറത്തുപോകേണ്ടിവരില്ലെന്നും ലോകമെമ്പാടുമുള്ള ആളുകള്‍ അവസരങ്ങള്‍ തേടി അസമിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല മൂന്നിരട്ടിയോളം വളര്‍ന്നതായും സെമികണ്ടക്ടര്‍ നിര്‍മ്മാണം, ബൈഹാട്ട ചരിയാലി-തേസ്പൂര്‍ നാലുവരി പാത തുടങ്ങിയ പദ്ധതികള്‍ അസമിന്റെ മുഖച്ഛായ മാറ്റുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ബാലവിവാഹം പൂര്‍ണ്ണമായും തുടച്ചുനീക്കുന്നതിനുള്ള പോരാട്ടം കൂടുതല്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അസം പൊലീസിന്റെ എമര്‍ജന്‍സി 112 സേവനങ്ങള്‍ കൂടുതല്‍ ആധുനികീകരിക്കുന്നതിനൊപ്പം എം.എല്‍.എ ഫണ്ട് വര്‍ദ്ധിപ്പിക്കല്‍, ഗുവഹാത്തി വിമാനത്താവളത്തിന് സമീപം പുതിയ സാറ്റലൈറ്റ് സിറ്റി തുടങ്ങിയ പദ്ധതികളും പുരോഗമിക്കുകയാണ്.

Other News in this category



4malayalees Recommends