ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങള്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ ഒമാനെതിരെ ബോംബാക്രമണം നടത്തും ; ഭീഷണിയുമായി ട്രംപ്

ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങള്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ ഒമാനെതിരെ ബോംബാക്രമണം നടത്തും ; ഭീഷണിയുമായി ട്രംപ്
ഇറാന്‍ - അമേരിക്ക യുദ്ധം പരിഹാരമില്ലാതെ ആറാം മാസത്തിലേക്ക് നീങ്ങുന്നതിനിടെ നിലപാട് കൂടുതല്‍ കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന്‍ കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങള്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്ന അസാധാരണ മുന്നറിയിപ്പും ട്രംപ് നല്‍കി. ഫോണിലൂടെ നടത്തിയ അഭിമുഖത്തിനിടെ ആണ് ട്രംപ് ഭീഷണി മുഴക്കിയതെന്നാണ് ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ട്.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാര്‍ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറാനിയന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ട്രംപ്, സഖ്യകക്ഷി കൂടിയായ ഒമാന് നേരെ ഭീഷണി മുഴക്കിയത്. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ, തുടര്‍ ചര്‍ച്ചകള്‍ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ധാരണാപത്രത്തിന്റെ കാലാവധി നീട്ടാന്‍ ആവശ്യപ്പെടുമോ എന്ന ചോദ്യത്തോട് ഇല്ലെന്ന് ട്രംപ് തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഫെബ്രുവരിയില്‍ യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതുമുതല്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ഹോര്‍മുസുമായി തെക്കന്‍ ഭാഗത്ത് അതിര്‍ത്തി പങ്കിടുന്ന ഒമാന്‍, നിലവിലെ സംഘര്‍ഷത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇറാന്റെ ഭാഗത്തുനിന്ന് ഒന്നിലധികം തവണ ഒമാന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതിനിടെ ആണ് ഹോര്‍മുസ് കടലിടുക്ക് തുറക്കാനായി ഒമാന്‍ ഇറാനുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തുന്നത്.

Other News in this category



4malayalees Recommends