കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ; യുഎസിനെതിരെ വന്‍ പ്രതിഷേധമുയരുന്നു

കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ; യുഎസിനെതിരെ വന്‍ പ്രതിഷേധമുയരുന്നു
അമേരിക്കയും കാനഡയും തമ്മില്‍ തീവ്ര ചര്‍ച്ചകള്‍ തുടരുന്നതിനിടെ, കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച പുലര്‍ച്ചെ 12.01 മുതല്‍ ഏകദേശം 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താനാണ് നീക്കം.

ഹോക്കി സ്റ്റിക്കുകള്‍ മുതല്‍ മെഡിക്കല്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന നാവ് പരിശോധിക്കുന്ന മരക്കോലുകള്‍ വരെ നിരവധി ഉല്‍പ്പന്നങ്ങളെ പുതിയ തീരുവ ബാധിച്ചേക്കും. ദീര്‍ഘകാല സഖ്യകക്ഷികളും പ്രധാന വ്യാപാര പങ്കാളികളുമായ കാനഡയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഇതോടെ പുതിയ സംഘര്‍ഷത്തിന് വഴിയൊരുങ്ങുകയാണ്.

മരം, ഡയറി ഉല്‍പ്പന്നങ്ങളുടെ വിപണി പ്രവേശനം തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും നേരത്തെയും വ്യാപാര തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും, സാധാരണയായി സഹകരണത്തിലൂടെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നത്. എന്നാല്‍ ട്രംപിന്റെ പുതിയ താരിഫ് നയം ബന്ധത്തില്‍ വലിയ സമ്മര്‍ദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കാനഡന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകളും കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാക്കണമെന്ന ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങളും രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ട്രംപ് അനുകൂലിയായ യുഎസ് അംബാസഡറിനെ കാനഡയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ ഹര്‍ജിയില്‍ ജൂലൈ 21 മുതല്‍ ഏകദേശം 2.18 ലക്ഷം പേര്‍ ഒപ്പുവെച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends