നഴ്സിങ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവം; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

നഴ്സിങ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവം; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍
കന്യാകുമാരിയില്‍ ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരേ പ്രതികരിച്ച മലയാളി വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. കന്യാകുമാരി ജില്ലയിലെ കരുങ്കലില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് കോളജ് പ്രിന്‍സിപ്പാള്‍ ഷീജയാണ് അറസ്റ്റിലായത്.

കര്‍ണാടകത്തിലെ ഹുസൂരില്‍ നിന്ന് തമിഴ്‌നാട് സ്‌പെഷ്യല്‍ ടീമാണ് ഇവരെ പിടികൂടിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തത്.

നെയ്യാറ്റിന്‍കര കത്തിപ്പാറ സ്വദേശിനി അന്‍സിജി കുക്കു (21) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കോളേജിലെ മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു. കോളേജ് അധികൃതരുടെയും അധ്യാപകരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു.

കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് അന്‍സിജി താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആദ്യം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അന്‍സിജി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സമരം ചെയ്ത വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ഇവര്‍ പുറത്തെ സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിച്ചു വരികയുമായിരുന്നു. ഇതിന് ശേഷവും അധ്യാപകരും മാനേജ്മെന്റും വിദ്യാര്‍ഥികളെ മാനസികമായി ഉപദ്രവിച്ചിരുന്നതായി രക്ഷിതാക്കള്‍ കരുങ്കല്‍ പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends