യുകെയില്‍ മലയാളി യുവതിക്കെതിരെ ഭര്‍ത്താവിന്റെ ഗുരുതര അതിക്രമം; യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി അശ്ലീല വെബ്സൈറ്റുകള്‍ക്ക് കൈമാറിയെന്ന കേസിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

യുകെയില്‍ മലയാളി യുവതിക്കെതിരെ ഭര്‍ത്താവിന്റെ ഗുരുതര അതിക്രമം;  യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി അശ്ലീല വെബ്സൈറ്റുകള്‍ക്ക് കൈമാറിയെന്ന കേസിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
യുകെയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ലൈംഗിക അതിക്രമങ്ങളുടെയും ഗാര്‍ഹിക പീഡനത്തിന്റെയും ആരോപണങ്ങള്‍. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി അശ്ലീല വെബ്സൈറ്റുകള്‍ക്ക് കൈമാറിയെന്ന കേസിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ വിവാഹജീവിതത്തിനിടെ ഭര്‍ത്താവില്‍ നിന്ന് നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനം നേരിടേണ്ടിവന്നതായി യുവതി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക മൂലം ഏറെക്കാലം പരാതി നല്‍കാതെ പീഡനം സഹിച്ചെന്നും യുവതി പറയുന്നു.

കുളിമുറിയിലും കിടപ്പുമുറിയിലും ഒളിക്യാമറകള്‍ സ്ഥാപിച്ച് തന്റെ അറിവോ സമ്മതമോ ഇല്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പ്രധാന ആരോപണം. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെ എതിര്‍ത്തപ്പോള്‍ ഭര്‍ത്താവ് തന്നെ മര്‍ദിച്ചതായും ഇത്തരം പ്രവൃത്തികള്‍ സാധാരണമാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചതായും യുവതി ആരോപിച്ചു.

മറ്റു പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നും അതിന് വിസമ്മതിച്ചപ്പോള്‍ ശാരീരികമായി ആക്രമിച്ചെന്നും യുവതി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും കണ്ടെത്തിയതായും യുവതി പറയുന്നു. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറിയതായി ഫോണിലെ വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കിയെന്നും ഇവര്‍ ആരോപിച്ചു. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും സംശയാസ്പദമായ സന്ദേശങ്ങള്‍ കണ്ടെത്തിയതായും യുവതി പറയുന്നു.

തന്റെ സ്വകാര്യ ദൃശ്യങ്ങളോ മറ്റ് തെളിവുകളോ പുറത്തുവിട്ടാല്‍ കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.

മകളെ ഓര്‍ത്താണ് ആദ്യം കൗണ്‍സിലിങ്ങിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. എന്നാല്‍ പിന്നീട് ക്രൂരമായ ആക്രമണം നേരിട്ടതോടെയാണ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends