ലിസ്റ്റിന്‍ സൂപ്പര്‍ ഹിറ്റാകുമെന്ന് പറയുന്ന സിനിമകള്‍ പൊളിയും, പ്രതീക്ഷയില്ലെന്ന് പറയുന്ന പടങ്ങള്‍ ഹിറ്റടിക്കും; ട്രോളി ധ്യാന്‍

ലിസ്റ്റിന്‍ സൂപ്പര്‍ ഹിറ്റാകുമെന്ന് പറയുന്ന സിനിമകള്‍ പൊളിയും, പ്രതീക്ഷയില്ലെന്ന് പറയുന്ന പടങ്ങള്‍ ഹിറ്റടിക്കും; ട്രോളി ധ്യാന്‍
നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസിന്റെ 50-ാമത്തെ തിയറ്റര്‍ കാക്കനാട് ആരംഭിച്ചിരിക്കുകയാണ്. നിരവധി പ്രമുഖ താരങ്ങള്‍ ഉദ്ഘാടനത്തിനെത്തിയിരുന്നു. ഇപ്പോഴിതാ ലിസ്റ്റിന്‍ സ്റ്റീഫനെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

അച്ഛനാണ് ആദ്യമായി എന്നോട് ലിസ്റ്റിനെക്കുറിച്ച് പറയുന്നത്. അച്ഛന്‍ പൊതുവേ ആരെ കുറിച്ചും നല്ലതൊന്നും പറയാറില്ല. അന്ന് അച്ഛന്‍ പറഞ്ഞു 'ട്രാഫിക്' എന്ന് പറഞ്ഞൊരു സിനിമ വരുന്നുണ്ട്. അതിലൊരു പുതിയ ആളാണ്. പ്രൊഡ്യൂസര്‍ ആരാണെന്ന് ഞാനപ്പോള്‍ ചോദിച്ചു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണെന്ന്.ജെയിംസ് കാമറൂണ്‍, സ്പില്‍ബര്‍ഗ്, ക്രിസ്റ്റഫര്‍ നോളന്‍ എന്നൊക്കെ പറയുന്നതു പോലെ ഒരു പേര്, ലിസ്റ്റിന്‍ സ്റ്റീഫന്‍. എന്തെങ്കിലും ആയി തീരുമെന്ന് ആ പേരില്‍ തന്നെയുണ്ട്.

ഈ കമ്പനിയുടെ പേര് ശ്രദ്ധിച്ചാല്‍ മനസിലാകും. മാജിക് ഫ്രെയിംസ്. മൊത്തത്തിലൊരു മാജിക് ഫീല്‍ ചെയ്യാന്‍ സാധിക്കും.അദ്ദേഹം പ്രൊഡ്യൂസ് ചെയ്ത സിനിമകളെ കുറിച്ച് സംസാരിക്കുമ്പോള്‍ എന്നോട് പറയും. അളിയാ ഈ സിനിമ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരിക്കും എന്ന്. അങ്ങനെ പറയുന്ന സിനിമ പരാജയവും ഫസ്റ്റ് ഡേ ഹോള്‍ഡ് ഓവറുമാണ്. അളിയാ ഈ സിനിമയ്ക്ക് വലിയ പ്രതീക്ഷയില്ല എന്ന് പറയുന്ന സിനിമകള്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണ്. അവിടെയും ഒരു മാജിക് സംഭവിക്കുന്നുണ്ട്.

കോവിഡ് സമയത്ത് മലയാള സിനിമ അടപടലം മോശം അവസ്ഥയിലൂടെ കടന്നു പോയ സമയത്ത് ഒരു ഇന്‍ഡസ്ട്രിയെ പിടിച്ചു നിര്‍ത്തിയത് ഇദ്ദേഹമാണ്. ബാക്കി എല്ലാവരും ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴും അദ്ദേഹം പണം വാരിക്കൂട്ടി. അവിടെയും ഒരു മാജിക്.

ഇന്നിപ്പോള്‍ മലയാള സിനിമയുടെ അവസ്ഥ എന്തെന്ന് പോലും അറിയില്ല, തിയറ്ററില്‍ സിനിമ പോലും ഓടുന്നില്ല, ആ സമയത്ത് 50-ാമത്തെ തിയറ്റര്‍. വീണ്ടും മാജിക്. -ധ്യാന്‍ ശ്രീനിവാസന്‍ തമാശരൂപേണ പറഞ്ഞു.

Other News in this category



4malayalees Recommends