മലപ്പുറത്ത് ചോറിന് കറി ഇല്ലാത്തതിന്റെ പേരില്‍ ഭാര്യയെ കുത്തിക്കൊന്നു

മലപ്പുറത്ത് ചോറിന് കറി ഇല്ലാത്തതിന്റെ പേരില്‍ ഭാര്യയെ കുത്തിക്കൊന്നു
മദ്യപിച്ചെത്തിയ ഭര്‍ത്താവ് ചോറിന് കറിയില്ലാത്തതിന്റെ പേരില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. മലപ്പുറം വണ്ടൂര്‍ കാപ്പില്‍ പാറശ്ശേരി കുന്നുമ്മല്‍ പൂങ്കുഴി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് കുന്നുമ്മല്‍ റഷീദിനെ (48) വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കമുകുതോട്ടങ്ങള്‍ കരാറെടുത്ത് അടയ്ക്ക പറിച്ചു വില്‍ക്കുന്ന ആളാണ് റഷീദ്. പതിവായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനാണ് ഇയാളെന്ന് പ്രദേശവാസികള്‍ പറയുന്നു. റഷീദിന്റെ പീഡനം കാരണം സ്വന്തം വീട്ടിലേക്ക് പോയ ഫസീലയെ അടുത്തിടെയാണ് ബന്ധുക്കള്‍ ഇടപെട്ട് തിരികെ കൊണ്ടുവന്നത്.

സംഭവദിവസം മദ്യപിച്ചെത്തിയ റഷീദ് ചോറിന് കറിയില്ലാത്തതിനെച്ചൊല്ലി ഫസീലയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ചോരയില്‍ കുളിച്ചുകിടന്ന ഫസീലയെ ഉടന്‍ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കരുവാറ്റക്കുന്ന് കുന്നുമ്മല്‍ പൂങ്കുഴി അബ്ദുവിന്റെയും ആയിഷയുടെയും മകളാണ് കൊല്ലപ്പെട്ട ഫസീല. ദില്‍ഫ, ദില്‍നിഷ്, ദില്‍ഷാദ് എന്നിവരാണ് മക്കള്‍. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Other News in this category



4malayalees Recommends