വീടു വിറ്റ പണത്തിനായി അമ്മാവനെ കൊന്നു ; പെണ്‍കുട്ടിയും സുഹൃത്തുക്കളും പിടിയില്‍

വീടു വിറ്റ പണത്തിനായി അമ്മാവനെ കൊന്നു ; പെണ്‍കുട്ടിയും സുഹൃത്തുക്കളും പിടിയില്‍
നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണിയില്‍ അമ്മാവനെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ബന്ധുവായ പെണ്‍കുട്ടിയും സുഹൃത്തുക്കളും പിടിയില്‍. സിമ്രാന്‍ തനേജ, സുഹൃത്തുക്കളായ ചിരാഗ്, പരസ് എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു വിദ്യാര്‍ത്ഥിയുമാണ് പിടിയിലായത്.

ഇന്നലെ രാവിലെയാണ് രോഹിണി സെക്ടര്‍ 3 ല്‍ താമസിക്കുന്ന രാകേഷ് ഖന്നയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് കുത്തിത്തുറന്ന നിലയിലായിരുന്നു. രാകേഷിന്റെ ഉടമസ്ഥതയിലുള്ള വീട് കഴിഞ്ഞ ദിവസം ദിവസം 75 ലക്ഷം രൂപയ്ക്കു വിറ്റിരുന്നു. ഇതു തട്ടിയെടുക്കാന്‍ രാകേഷിന്റെ സഹോദരിയുടെ മകളും വിദ്യാര്‍ത്ഥിയായ സിമ്രാന്‍ തനേജ സുഹൃത്തും ജിം ട്രെയിനറുമായ ഹിമാന്‍ശുവുമായി ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് രോഹിണി ഡിസിപി ശശാങ്ക് ജെയ്‌സ്വാള്‍ പറഞ്ഞു.

സംഭവം നടന്ന ദിവസം രാകേഷ് ഖന്നയുടെ ഭാര്യയേയും തന്റെ അമ്മയേയും പശ്ചിംവിഹാറില്‍ നടക്കുന്ന മേളയ്ക്കു പറഞ്ഞുവിട്ടിട്ടാണ് സിമ്രാനും കൂട്ടുകാരും കവര്‍ച്ചയും കൊലപാതകവും നടത്തിയതെന്നാണ് പൊലീസ് പറഞ്ഞത്. രാകേഷിന്റെ വീട്ടിലെത്തിയ സിമ്രാന്‍ വാതിലില്‍ മുട്ടി. ഖന്ന വാതില്‍ തുറന്നതും സിമ്രാനും ഹിമാന്‍ശുവും അകത്തുകയറി.ബലപ്രയോഗത്തിലൂടെ ഖന്നയെ കീഴടക്കിയ ഇവര്‍ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഹെല്‍മെറ്റ് ധരിച്ചെത്തിയ സംഘം വീട്ടില്‍ സൂക്ഷിച്ചിരുന്ന 72000 രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു സ്ഥലം വിട്ടു. സിമ്രാന്‍ ഉള്‍പ്പെടെയുള്ളവരെ ഇന്നലെത്തന്നെ പിടികൂടി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends