വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷം അസുഖം; ഒരേ കുടുംബത്തിലെ നാല് കുട്ടികള്‍ 10 ദിവസത്തിനിടെ മരിച്ചു

വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷം അസുഖം; ഒരേ കുടുംബത്തിലെ നാല് കുട്ടികള്‍ 10 ദിവസത്തിനിടെ മരിച്ചു
മധ്യപ്രദേശിലെ ശിവപുരിയില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ചെത്തിയതിന് പിന്നാലെ അസുഖബാധിതരായ ഒരേ കുടുംബത്തിലെ നാല് കുട്ടികള്‍ 10 ദിവസത്തിനിടെ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ സഹോദരങ്ങളാണ്. നാലാമത്തെ കുട്ടി ബന്ധുവിന്റെ മകനാണെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 16നാണ് തന്‍വീര്‍ അഹമ്മദിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉള്‍പ്പെടെ 16ഓളം പേര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനായി പോയത്. തിരിച്ചെത്തിയതിന് പിന്നാലെ കുടുംബത്തിലെ നിരവധി പേര്‍ക്ക് അസുഖം ബാധിച്ചു. എന്നാല്‍ മരണങ്ങള്‍ക്ക് വെള്ളച്ചാട്ടത്തിലെ വെള്ളമാണ് കാരണമെന്ന് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പനി, വയറുവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് കുട്ടികളില്‍ ഉണ്ടായിരുന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ചികിത്സ നല്‍കിയെങ്കിലും നാല് കുട്ടികളുടെയും ജീവന്‍ രക്ഷിക്കാനായില്ല.

ആദ്യം 14 വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമാവുകയും ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു. തുടര്‍ന്ന് 19 വയസ്സുകാരനായ അയാസും കുടുംബത്തിലെ മറ്റ് കുട്ടികളും അസുഖബാധിതരായി. തുടര്‍ച്ചയായുണ്ടായ നാല് മരണങ്ങള്‍ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി.

ഒരേ കുടുംബത്തിലെ നാല് കുട്ടികള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ മരിച്ചതോടെയാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്. ആരോഗ്യവകുപ്പ് സംഘം കുടുംബാംഗങ്ങളില്‍ നിന്നും സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. മരിച്ച കുട്ടികള്‍ക്ക് ലഭിച്ച ചികിത്സയും അസുഖത്തിന്റെ കാരണങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

വെള്ളച്ചാട്ടത്തില്‍ കുളിച്ച 62ഓളം പേരില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ദിനേഷ് ചന്ദ് ശുക്ല അറിയിച്ചു. പനി ബാധിച്ചതിന് പിന്നാലെയുണ്ടായ കുട്ടികളുടെ മരണത്തെക്കുറിച്ച് മെഡിക്കല്‍ സംഘം അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന് സാമ്പത്തിക സഹായവും നല്‍കിയിട്ടുണ്ട്.

വെള്ളച്ചാട്ടത്തിലെ വെള്ളത്തിന്റെ സാമ്പിളുകളും അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends