ഓസ്‌ട്രേലിയന്‍ ഭവനവിപണിയില്‍ വന്‍ ഇടിവിന് സാധ്യത; വില 9 ശതമാനം വരെ കുറയുമെന്ന് കോമണ്‍വെല്‍ത്ത് ബാങ്ക്

ഓസ്‌ട്രേലിയന്‍ ഭവനവിപണിയില്‍ വന്‍ ഇടിവിന് സാധ്യത; വില 9 ശതമാനം വരെ കുറയുമെന്ന് കോമണ്‍വെല്‍ത്ത് ബാങ്ക്
ഓസ്‌ട്രേലിയയിലെ വീടുകളുടെ വിലയില്‍ വരും മാസങ്ങളില്‍ വലിയ ഇടിവുണ്ടാകുമെന്ന് കോമണ്‍വെല്‍ത്ത് ബാങ്കിന്റെ പ്രവചനം. രാജ്യത്തെ ഭവനവിലയില്‍ ഒന്‍പത് ശതമാനം വരെ കുറവുണ്ടാകാനിടയുണ്ടെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍. ഇതോടെ സര്‍ക്കാരിന്റെ ഭവനനയത്തെക്കുറിച്ചും കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുകയാണ്.

സിഡ്‌നിയിലും മെല്‍ബണിലുമാണ് ഭവനവിപണിയിലെ മാറ്റങ്ങള്‍ കൂടുതല്‍ പ്രകടമാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2027 ഏപ്രിലോടെ ഇരു നഗരങ്ങളിലും വീടുകളുടെ വിലയില്‍ പത്ത് ശതമാനത്തിലധികം ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍.

അതേസമയം, ട്രഷറിയുടെ ഭവനവിപണി മോഡലില്‍ പിഴവുകളുണ്ടെന്ന വിമര്‍ശനം ട്രഷറര്‍ ജിം ചാമേഴ്‌സ് തള്ളി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തെ ഭവനവില വീണ്ടും ഉയരുമെന്നും, എന്നാല്‍ അതിന് 30 മാസത്തിലേറെ സമയമെടുക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മേയ് ബജറ്റില്‍ പ്രോപ്പര്‍ട്ടി നിക്ഷേപകര്‍ക്ക് ലഭിച്ചിരുന്ന ചില നികുതി ആനുകൂല്യങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ മാത്രമല്ല നിലവിലെ ഭവനവിപണി മാന്ദ്യത്തിന് കാരണമെന്നും ചാമേഴ്‌സ് വ്യക്തമാക്കി.

Other News in this category



4malayalees Recommends