അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം ; ശ്രീഹരിയുടെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം ; ശ്രീഹരിയുടെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാര്‍ത്ഥി ശ്രീഹരിയുടെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ച വിദ്യാര്‍ത്ഥികളാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ കണ്ടത്. ഫോണ്‍ പരിശോധിച്ച പെണ്‍കുട്ടികളുടെ അടക്കം ചിത്രങ്ങള്‍ പലപ്പോഴായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. നഗ്‌നചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റതിനുള്ള തെളിവുകളും വിദ്യാര്‍ത്ഥികള്‍ കണ്ടെത്തി.

പകര്‍ത്തിയ ചിത്രങ്ങള്‍ ടെലഗ്രാം ചാറ്റിലേക്ക് അയച്ച് നല്‍കിയ ശേഷം മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ടെലഗ്രാം ചാറ്റില്‍ തിരിച്ച് അയച്ച് കിട്ടുന്നതായിരുന്നു രീതി. ടീച്ചര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ഗ്രൂപ്പുകളും കണ്ടെത്തി. ക്ലാസ്മുറിയില്‍ ടീച്ചര്‍മാര്‍ പഠിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് മോര്‍ഫിങ് നടന്നത്. ഹോസ്റ്റലില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയതായി സംശയമുണ്ട്. ശ്രീഹരിയുടെ ഗ്യാലറിയില്‍ ഗേള്‍സ് ഹോസ്റ്റല്‍ റൂം ദൃശ്യങ്ങങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തി

തങ്ങള്‍ക്ക് ഒപ്പമുള്ളവരുടെ അടക്കമുള്ള ചിത്രങ്ങളാണ് പ്രചരിപ്പിച്ചിരിക്കുന്നതെന്ന് കെഎസ്യു പ്രവര്‍ത്തകരായ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ശ്രീഹരിയെ കെഎസ്‌യു മീഡിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ഒരു മാസം മുമ്പാണ്. ആരുടെയും ചരിത്രം പരിശോധിച്ച ശേഷമല്ല മീഡിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത്. വീഡിയോ എടുക്കാന്‍ കഴിവുള്ളവരെയാണ് മീഡിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. സംഭവം അറിഞ്ഞ ഉടന്‍തന്നെ ശ്രീഹരിയെ പുറത്താക്കിയെന്നും അവര്‍ പറഞ്ഞു.

ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് മിനിറ്റ് പോലും അത് കണ്ട് നില്‍ക്കാന്‍ കഴിഞ്ഞില്ലെന്നും അത്രയും അശ്ലീലമായ രീതിയില്‍ ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ശ്രീഹരിക്ക് പുറമേ ആരൊക്കെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നത് സംബന്ധിച്ച വ്യക്തത വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ല. കോളേജില്‍ പഠിക്കുന്ന ചില വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുണ്ടെന്നാണ് അവര്‍ സംശയിക്കുന്നത്. അതേസമയം ശ്രീഹരിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. അറസ്റ്റിലായ ശ്രീഹരിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഭാരത് മാതാ കോളേജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ് ശ്രീഹരി.

Other News in this category



4malayalees Recommends