അധികാരത്തിലേറിയാല്‍ ആദ്യ 100 ദിവസത്തില്‍ കുടിയേറ്റ ബോട്ടുകള്‍ തടയും, ജീവിതച്ചെലവ് കുറയ്ക്കും; വാഗ്ദാനങ്ങളുമായി റിഫോം യുകെ

അധികാരത്തിലേറിയാല്‍ ആദ്യ 100 ദിവസത്തില്‍ കുടിയേറ്റ ബോട്ടുകള്‍ തടയും, ജീവിതച്ചെലവ് കുറയ്ക്കും; വാഗ്ദാനങ്ങളുമായി റിഫോം യുകെ
റിഫോം യുകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യ 100 ദിവസത്തിനുള്ളില്‍ ഇംഗ്ലീഷ് ചാനലിലൂടെയുള്ള ചെറുബോട്ടുകളുടെ അനധികൃത കുടിയേറ്റം തടയുകയും ജീവിതച്ചെലവ് കുറയ്ക്കുകയും ചെയ്യുമെന്ന് പാര്‍ട്ടി നേതാവ് നിഗല്‍ ഫരാഗെ പ്രഖ്യാപിക്കും. ബ്രിട്ടന്‍ നേരിടുന്ന 'ദേശീയ അടിയന്തരാവസ്ഥ' പരിഹരിക്കാന്‍ വിപുലമായ നിയമനിര്‍മാണ നടപടികള്‍ ആവശ്യമാണെന്നും ഇതിനായി പാര്‍ലമെന്റ് ആഴ്ചയില്‍ ഏഴ് ദിവസവും ചേരേണ്ട സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കും.

റിഫോം യുകെയുടെ ആദ്യ 100 ദിവസത്തെ അജന്‍ഡയില്‍ ചെറുബോട്ട് കടന്നുവരവ് തടയുന്നതിനൊപ്പം ഊര്‍ജബില്ലുകളിലെ ഗ്രീന്‍ ലെവികള്‍ ഒഴിവാക്കുന്നതും ഉള്‍പ്പെടും. ഇതിലൂടെ ശരാശരി കുടുംബത്തിന് പ്രതിവര്‍ഷം 250 പൗണ്ട് വരെ ലാഭിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

അടിയന്തര ബജറ്റിലൂടെ പൊതുചെലവില്‍ 80 ബില്യണ്‍ പൗണ്ട് കുറയ്ക്കുമെന്ന് പാര്‍ട്ടിയുടെ ട്രഷറി വക്താവ് റോബര്‍ട്ട് ജെന്റിക് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതിന്റെ പകുതിയോളം ക്ഷേമപദ്ധതികള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍നിന്ന് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ബ്രിട്ടന്റെ കടത്തിന്റെ പലിശയിനത്തിലെ വാര്‍ഷിക ചെലവ് 28 ബില്യണ്‍ പൗണ്ട് കുറയ്ക്കാനാകുമെന്നും നികുതിയിളവുകള്‍ നല്‍കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുന്നതിനുമായി കൂടുതല്‍ പണം കണ്ടെത്താനാകുമെന്നും ജെന്റിക് പറഞ്ഞു.

അതേസമയം, പാര്‍ട്ടിയുടെ ധനസമാഹരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഫറാജിനെ അസ്വസ്ഥനാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. തായ്ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ കോടീശ്വരനില്‍നിന്ന് ലഭിച്ച അഞ്ച് മില്യണ്‍ പൗണ്ടിന്റെ 'വ്യക്തിഗത' സംഭാവന പ്രഖ്യാപിക്കാതിരുന്നതുള്‍പ്പെടെ നിരവധി വിവാദങ്ങളാണ് റിഫോം യുകെയെ പിന്തുടരുന്നത്.

Other News in this category



4malayalees Recommends