കത്തുന്ന ചിതയില്‍നിന്ന് മാംസം കഴിച്ചെന്ന് ആരോപണം; ഉജ്ജയിനിയില്‍ ലേഡി അഘോരി അറസ്റ്റില്‍

കത്തുന്ന ചിതയില്‍നിന്ന് മാംസം കഴിച്ചെന്ന് ആരോപണം; ഉജ്ജയിനിയില്‍ ലേഡി അഘോരി അറസ്റ്റില്‍
മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ കത്തുന്ന ചിതയില്‍നിന്ന് മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍ എടുത്ത് കഴിച്ചെന്നാരോപിച്ച് സ്വയം പ്രഖ്യാപിത 'ലേഡി അഘോരി' കാളി നന്ദ് ഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

ഉജ്ജയിനിയിലെ ചക്രതീര്‍ഥ ശ്മശാനത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയിലാണ് കത്തുന്ന ചിതയ്ക്കരികില്‍ വാളുമായി നില്‍ക്കുന്ന കാളി നന്ദ് ഗിരിയെ കാണുന്നത്. ചിതയില്‍നിന്ന് ശരീരഭാഗം പുറത്തെടുത്ത് കഴിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നതെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ ജിവാജിഗഞ്ച് പൊലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിതയിലെ 301-ാം വകുപ്പ് പ്രകാരം കേസെടുത്തു. ശ്മശാനത്തില്‍ അതിക്രമിച്ച് കയറുക, ശവസംസ്‌കാര ചടങ്ങുകള്‍ തടസ്സപ്പെടുത്തുക, മൃതദേഹത്തോട് അനാദരവ് കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പിന് കീഴില്‍ വരുന്നത്. അറസ്റ്റ് ചെയ്ത കാളി നന്ദ് ഗിരിയെ കോടതി 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതേസമയം, കാളി നന്ദ് ഗിരിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താന്ത്രിക ചടങ്ങിന്റെ പേരില്‍ തെലങ്കാനയിലെ ഒരു വിദ്യാര്‍ഥിനിയെ കബളിപ്പിച്ചതായും മറ്റൊരു സ്ത്രീയില്‍നിന്ന് 10 ലക്ഷം രൂപ വാങ്ങിയതായും പരാതികള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends