സഹോദരനെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഭര്‍തൃസഹോദരിയെ കുത്തിക്കൊന്ന് മൃതദേഹം വാട്ടര്‍ടാങ്കിലിട്ട് മൂടിയ യുവതി അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. രക്ഷാബന്ധന്‍ ദിനത്തിലായിരുന്നു കൊലപാതകം. വന്ദനയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വന്ദനയുടെ സഹോദരഭാര്യയായ പാര്‍വതി ഭായി കുശ്വയെ പൊലീസ് അറസ്റ്റ് ചെയ്തു.പീഡനക്കേസില്‍ പാര്‍വതിയുടെ സഹോദരന്‍ ജയിലിലായിരുന്നു. രക്ഷാബന്ധന്‍ ദിനത്തില്‍ ഇതുമായി ബന്ധപ്പെട്ട് വന്ദന പാര്‍വതിയെ കളിയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
തര്‍ക്കം രൂക്ഷമായതോടെ പാര്‍വതി കത്തിയെടുത്ത് വന്ദനയുടെ കഴുത്തില്‍ രണ്ടുതവണ കുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം വീടിന് പുറത്തുള്ള വാട്ടര്‍ടാങ്കിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഇടുകയും ടാങ്ക് അടയ്ക്കുകയും ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തല്‍.
സംഭവത്തിന് പിന്നാലെ പാര്‍വതി സാധാരണ നിലയില്‍ തുടരാന്‍ ശ്രമിച്ചു. എന്നാല്‍ വന്ദനയെ കാണാനില്ലെന്ന് വീട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഒരാള്‍ വന്ദനയുടെ മൃതദേഹം വാട്ടര്‍ടാങ്കിലേക്ക് ഇടുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യം വ്യക്തമായിരുന്നില്ലെങ്കിലും വീട്ടിലെ സ്ത്രീകളില്‍ ഒരാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടാകാമെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം.
അന്വേഷണം വഴിതിരിച്ചുവിടാന്‍ പാര്‍വതി ശ്രമിച്ചതായും പൊലീസ് പറയുന്നു. സംഭവസമയത്ത് ഭര്‍ത്താവിനെ കാണാന്‍ ആശുപത്രിയില്‍ പോയിരുന്നുവെന്നായിരുന്നു പാര്‍വതിയുടെ മൊഴി.
എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയില്‍ നിന്ന് പാര്‍വതിയുടെ വിരലടയാളം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ണമായിട്ടില്ലെങ്കിലും ചോദ്യം ചെയ്യലിനിടെ പൊലീസ് തെളിവുകള്‍ നിരത്തിയതോടെ പാര്‍വതി കുറ്റം സമ്മതിച്ചതായാണ് വിവരം. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.