മിയാമിയില്‍ ആമസോണ്‍ കാര്‍ഗോ വിമാനം തകര്‍ന്ന് അപകടം; അഞ്ച് മരണം

മിയാമിയില്‍ ആമസോണ്‍ കാര്‍ഗോ വിമാനം തകര്‍ന്ന് അപകടം; അഞ്ച് മരണം
മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആമസോണ്‍ കാര്‍ഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി വാഹനങ്ങളില്‍ ഇടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് നിയന്ത്രണം വിട്ട ബോയിങ് 767 വിമാനം സമീപത്തെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം.

പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ ജുവാനില്‍ നിന്ന് എത്തിയ പ്രൈം എയര്‍ ഫ്‌ലൈറ്റ് 7598 ആണ് അപകടത്തില്‍പ്പെട്ടത്. വിമാനം വാഹനങ്ങളില്‍ ഇടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു. വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റും സഹപൈലറ്റും കുടുങ്ങിയതായും വാഹനങ്ങളിലുണ്ടായിരുന്നവരും അപകടത്തില്‍പ്പെട്ടതായും മിയാമി-ഡേഡ് കൗണ്ടി ഫയര്‍ ചീഫ് റേ ജദല്ല പറഞ്ഞു. ഒരു വ്യക്തിയെ വാഹനത്തിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ എല്ലാ റണ്‍വേകളും ടാക്‌സിവേകളും അടച്ചു. അറുപതോളം അഗ്‌നിരക്ഷാ വാഹനങ്ങളും 200-ഓളം അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിലും തീയണയ്ക്കുന്നതിനുമായി സ്ഥലത്തെത്തി. അപകടത്തിന്റെ യഥാര്‍ഥ കാരണം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷിക്കും. എന്‍ടിഎസ്ബി അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി അറിയിച്ചു.

അതേസമയം വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി ആമസോണ്‍ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പ്രാദേശിക അധികൃതരുമായി സഹകരിച്ച് അന്വേഷണം നടത്തുകയാണെന്നും കമ്പനി അറിയിച്ചു

Other News in this category



4malayalees Recommends