നിഗല്‍ ഫരാഗിന്റെ റിഫോം യുകെ പാര്‍ട്ടിക്ക് ലഭിച്ച 72 മില്യണ്‍ പൗണ്ടിന്റെ വന്‍ സംഭാവനകള്‍ തടയാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന വ്യക്തികള്‍ക്ക് കൂടുതല്‍ കര്‍ശനമായ യുകെ താമസ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്ന നിയമഭേദഗതികള്‍ സര്‍ക്കാര്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ അവതരിപ്പിക്കും.ക്രിപ്‌റ്റോകറന്‍സി ശതകോടീശ്വരന്മാരായ ബെന്‍ ഡെലോയും ക്രിസ്റ്റഫര്‍ ഹാര്‍ബോണും റിഫോം യുകെയ്ക്ക് 36 മില്യണ്‍ പൗണ്ട് വീതം സംഭാവന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം. ഇരുവരും മുന്‍പ് വിദേശത്ത് താമസിച്ചിരുന്നവരാണ്.
നിലവിലെ നിയമപ്രകാരം സംഭാവനകള്‍ നിയമാനുസൃതമാണെന്ന് റിഫോം യുകെ വാദിക്കുന്നുണ്ടെങ്കിലും, പുതിയ ഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഈ 72 മില്യണ്‍ പൗണ്ട് സ്വീകരിക്കുന്നതില്‍ പാര്‍ട്ടിക്ക് തടസ്സമുണ്ടാകാം. നിലവിലെ നിയമത്തില്‍ പ്രവാസി ബ്രിട്ടീഷുകാര്‍ക്ക് രാഷ്ട്രീയ സംഭാവനയ്ക്ക് 100,000 പൗണ്ട് പരിധിയുണ്ട്. യുകെയിലേക്ക് തിരിച്ചെത്തിയ ശേഷമുള്ള ആദ്യ 12 മാസത്തേക്കും ഈ നിയന്ത്രണം ബാധകമാണ്.
അതേസമയം, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പുതിയ നിയമപ്രകാരം രാജ്യത്തേക്ക് തിരിച്ചെത്തുന്ന ദാതാക്കള്‍ക്ക് കൂടുതല്‍ ദൈര്‍ഘ്യമേറിയ യുകെ താമസം തെളിയിക്കേണ്ടിവരും. അവര്‍ മടങ്ങിയെത്തുന്ന കലണ്ടര്‍ വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവിനൊപ്പം ഒരു പൂര്‍ണ വര്‍ഷവും യുകെയില്‍ താമസിച്ചിരിക്കണമെന്ന നിബന്ധനയാണ് പരിഗണിക്കുന്നത്. ഇതനുസരിച്ച് റിഫോമിന് 72 മില്യണ്‍ പൗണ്ട് സംഭാവന സ്വീകരിക്കാന്‍ 2028 ജനുവരി വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകാം.
ഹോങ്കോങ്ങില്‍ താമസിച്ചിരുന്ന ബെന്‍ ഡെലോ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനായി ഏപ്രിലില്‍ യുകെയിലേക്ക് മടങ്ങുമെന്ന് അറിയിച്ചിരുന്നു. തായ്ലന്‍ഡില്‍ താമസിച്ചിരുന്ന ക്രിസ്റ്റഫര്‍ ഹാര്‍ബോണ്‍ ജൂണില്‍ ഹാംപ്ഷെയറില്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
റിഫോം യുകെയ്ക്ക് ലഭിച്ച വന്‍ തുക അടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകരെയും പിന്തുണക്കാരെയും വ്യാപകമായി സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്ക് വലിയ സാമ്പത്തിക നേട്ടം നല്‍കുമെന്നതിനാല്‍ സര്‍ക്കാര്‍ നീക്കത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
എന്നാല്‍ സംഭാവനകള്‍ നിലവിലെ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് നല്‍കിയതെന്ന് ഫരാഗെ വ്യക്തമാക്കി.
''ഇന്നത്തെ നിയമപ്രകാരം ഈ രണ്ട് സംഭാവനകളും നൂറുശതമാനം നിയമാനുസൃതമാണ്. അതില്‍ യാതൊരു സംശയവുമില്ല,'' ഫരാഗെ ബിബിസിയോട് പറഞ്ഞു.മാര്‍ച്ച് 25ന് ഇരുവരും യുകെ നിവാസികളായിരുന്നോ എന്ന ചോദ്യത്തിന്, ''നിലവില്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമപ്രകാരം ഇരുവരും നിയമം പാലിക്കുന്നവരാണ്'' എന്നായിരുന്നു ഫരാഗിന്റെ മറുപടി.
പുതിയ നിയമഭേദഗതികള്‍ റിഫോം യുകെയുടെ വന്‍ സംഭാവനകളുടെ നിയമസാധുത തന്നെ ചോദ്യം ചെയ്യുന്നതിനാല്‍, വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടല്‍ ശക്തമാകാനാണ് സാധ്യത.