ഭര്‍ത്താവിനെ വെറുതേ വിട്ടതിന് പ്രതിഫലം വേണം ; യുവതിയെ ബലാത്സംഗം ചെയ്ത ഡിഐജി അറസ്റ്റില്‍

ഭര്‍ത്താവിനെ വെറുതേ വിട്ടതിന് പ്രതിഫലം  വേണം ; യുവതിയെ ബലാത്സംഗം ചെയ്ത ഡിഐജി അറസ്റ്റില്‍
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ ഭാര്യയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ ബംഗളൂരു ജയില്‍ ഡിഐജി എം സോമ ശേഖരന്‍ അറസ്റ്റില്‍. കൊലക്കേസ് പ്രതിയായ ഭര്‍ത്താവിനെ വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടെന്ന് കാണിക്കുന്ന വ്യാജ രേഖ ചമച്ചാണ് ഇയാള്‍ യുവതിയെ ലൈംഗീകമായി ചൂഷണം ചെയ്തത്. കലബുര്‍ഗി മേഖലാ ജയില്‍ ഡിഐജിയാണ് സോമശേഖരന്‍. അറസ്റ്റിലായ സോമശേഖരനെ കോടതി വെള്ളിയാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍വിട്ടു.

2018 ല്‍ പരപ്പന അഗ്രഹാര ജയിലിന്റെ ചുമതല വഹിക്കവേയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. കൊലക്കേസ് പ്രതിയെ വിട്ടയയ്ക്കാന്‍ ഉത്തരവിട്ടുള്ള സുപ്രീം കോടതിയുടെ രേഖ സോമശേഖരന്‍ വ്യാജമായി ചമച്ച് പ്രതിയുടെ ഭാര്യയെ ലൈംഗീകമായി പീഡിപ്പിച്ചു. 2018 നവംബര്‍ 18ന് പ്രതിയെ ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. അന്ന് ജയില്‍ ജീവനക്കാരനായിരുന്ന ശ്രീകാന്ത് എന്നയാളെ ഉപയോഗിച്ചാണ് വ്യാജ രേഖയുണ്ടാക്കിയത്. ഇയാളെ കഴിഞ്ഞ മാസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെ സോമശേഖരന്റെ പേര് പുറത്തുവരികയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്ത് വീണ്ടും ജയിലിലാക്കി. പ്രതിയെ പിടിക്കാന്‍ വീണ്ടും പൊലീസെത്തിയതോടെ നടന്ന സംഭവങ്ങള്‍ യുവതി പൊലീസിനോട് വെളിപ്പെടുത്തി.

2018ല്‍ മൂന്നുവട്ടം പ്രതിക്ക് സോമശേഖരന്‍ അനധികൃതമായി പരോള്‍ അനുവദിച്ചതായും കണ്ടെത്തി.

Other News in this category



4malayalees Recommends