എംഎല്‍എയുടെ ബംഗ്ലാവ് കഴുകാന്‍ ഫയര്‍ഫോഴ്സ്; വിവാദമായി ബിജെപി നേതാവിന്റെ നടപടി

എംഎല്‍എയുടെ ബംഗ്ലാവ് കഴുകാന്‍ ഫയര്‍ഫോഴ്സ്; വിവാദമായി ബിജെപി നേതാവിന്റെ നടപടി
മക്കള്‍ക്കെതിരായ എംജിഎന്‍ആര്‍ഇജിഎസ് അഴിമതി ആരോപണത്തിന് പിന്നാലെ ഗുജറാത്ത് ബിജെപി എംഎല്‍എയും മുന്‍ സഹമന്ത്രിയുമായ ബച്ചു ഖബാദ് വീണ്ടും വിവാദത്തില്‍. സ്വന്തം ബംഗ്ലാവിന്റെ പുറംചുമര്‍ കഴുകാന്‍ ഫയര്‍ഫോഴ്സ് വാഹനം വിളിച്ചുവരുത്തിയതാണ് പുതിയ വിവാദത്തിന് കാരണം.

ദേവ്ഗഢ് ബാരിയയിലെ പിപേറോ ഗ്രാമത്തിലുള്ള ബംഗ്ലാവിന്റെ ചുമരുകള്‍ കഴുകുന്നതിനായി എംഎല്‍എ ഫയര്‍ ടെന്‍ഡര്‍ വിളിച്ചുവരുത്തുകയായിരുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യമാണെന്ന് കരുതിയാണ് ആദ്യം ഫയര്‍ഫോഴ്സ് വാഹനം അയച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

എന്നാല്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ വെള്ളം ഉപയോഗിച്ച് ബംഗ്ലാവിന്റെ ചുമരുകള്‍ കഴുകുന്നതാണ് കണ്ടത്. ഇതോടെ നടപടി ഉടന്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

എംഎല്‍എയുടെ ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഫയര്‍ ടെന്‍ഡര്‍ അയച്ചതെന്ന് ദേവ്ഗഢ് ബാരിയ മുനിസിപ്പാലിറ്റി പ്രസിഡന്റ് ധര്‍മേഷ് കലാല്‍ പറഞ്ഞു. പിന്നീട് യഥാര്‍ഥ കാര്യം മനസിലായതോടെ ജോലി നിര്‍ത്തുകയും ഫയര്‍ഫോഴ്സ് ഉപയോഗിച്ചതിന്റെ 2,700 രൂപ ചാര്‍ജ് ഈടാക്കുകയും ചെയ്തു. തുക എംഎല്‍എ അടച്ചതായും രസീത് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ മയൂര്‍ ചൗഹാനും സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. എംഎല്‍എയുടെ ഫോണ്‍ ആയതിനാല്‍ അടിയന്തര സാഹചര്യമാണെന്ന് കരുതി ഫയര്‍ ടെന്‍ഡര്‍ അയച്ചതാണെന്നും സ്ഥലത്തെത്തിയ ശേഷമാണ് വെള്ളം ബംഗ്ലാവ് കഴുകാനാണ് ഉപയോഗിക്കുന്നതെന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ 'വ്യാജ കോള്‍' ആയി കണക്കാക്കി തുടര്‍നടപടിക്ക് ചീഫ് ഓഫീസറെ അറിയിച്ചതായും വ്യക്തമാക്കി.

ജീവനും സ്വത്തിനും രക്ഷ നല്‍കാന്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട ഫയര്‍ഫോഴ്സിന്റെ സേവനം ഇത്തരത്തില്‍ ഉപയോഗിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Other News in this category



4malayalees Recommends