ഭാര്യയുടെ അവിഹിതബന്ധം അറിഞ്ഞ ഭര്‍ത്താവിനെ കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റില്‍

ഭാര്യയുടെ അവിഹിതബന്ധം അറിഞ്ഞ ഭര്‍ത്താവിനെ കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റില്‍
ഡെറാഡൂണില്‍ ഭാര്യയുടെ അവിഹിതബന്ധം അറിഞ്ഞ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ തൊഴിലാളി മദന്‍ മുഖിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ മീനാ ദേവി (30), കാമുകന്‍ ലല്ലന്‍ ശര്‍മ (23) എന്നിവരാണ് അറസ്റ്റിലായത്.പ്രേംനഗറിലെ മാണ്ഡുവാല വനമേഖലയിലെ കൊക്കയില്‍ നിന്നാണ് മദന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.

മദന്റെ ഭാര്യയുമായി ലല്ലന്‍ രണ്ട്-മൂന്ന് വര്‍ഷമായി ബന്ധത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അടുത്തിടെ മദന്‍ ലല്ലന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭാര്യയുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. ബന്ധത്തെക്കുറിച്ച് പുറത്തുപറയുമെന്നും ഇരുവരെയും കൊല്ലുമെന്നും മദന്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു.

തുടര്‍ന്ന് മദനെ കൊലപ്പെടുത്താന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടെന്നാണ് പൊലീസ് പറയുന്നത്. മദ്യപിക്കാനെന്ന വ്യാജേന മീന മദനെ ഡോള്‍ഫിന്‍ കോളജിന് സമീപമുള്ള വനത്തിലേക്ക് കൊണ്ടുപോയി. അവിടെ മദന്‍ അമിതമായി മദ്യപിച്ച ശേഷം ഇരുവരും ചേര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വനത്തിലെ കൊക്കയിലേക്ക് തള്ളിയശേഷം ആയുധം സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചതായും പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് ലല്ലനിലേക്ക് എത്തിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. തുടര്‍ന്ന് മീനയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Other News in this category



4malayalees Recommends