ഓഫീസര്‍ ചമഞ്ഞ് എഎപി നേതാവിനെ വിവാഹം കഴിച്ചു ; സ്വര്‍ണാഭരണങ്ങളുമായി മുങ്ങി യുവതി

ഓഫീസര്‍ ചമഞ്ഞ് എഎപി നേതാവിനെ വിവാഹം കഴിച്ചു ; സ്വര്‍ണാഭരണങ്ങളുമായി മുങ്ങി യുവതി
വിവാഹത്തട്ടിപ്പിനിരയായി പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി നേതാവ്. ആം ആദ്മി പാര്‍ട്ടി ജോയിന്റ് സെക്രട്ടറിയായ അമരീന്ദര്‍ സിങ് മണ്ഡോഫാല്‍ ആണ് വിവാഹത്തിന് പിന്നാലെ ഭാര്യ പണവും സ്വര്‍ണവുമായി മുങ്ങിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി യഥാര്‍ഥ പേരും വിവരങ്ങളും വയസ്സും മറച്ചുവെച്ചാണ് യുവതി തന്നെ വിവാഹം കഴിച്ചതെന്നും അമരീന്ദറിന്റെ പരാതിയിലുണ്ട്.

മന്‍വീന്ദര്‍ കൗര്‍ എന്ന പേരില്‍ പരിചയപ്പെട്ട യുവതിയെയാണ് ആംആദ്മി നേതാവ് വിവാഹം കഴിച്ചത്. പഞ്ചാബില്‍ പിസിഎസ് ഓഫീസറാണെന്നും അവിവാഹിതയാണെന്നുമാണ് മന്‍വീന്ദര്‍ കൗര്‍ അവകാശപ്പെട്ടിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മന്‍വീന്ദറും അമരീന്ദറും വിവാഹിതരായത്. നിയമസഭ സ്പീക്കര്‍ കുല്‍ത്താര്‍ സിങ്, മന്ത്രി തരുണ്‍പ്രീത് സിങ് സൗന്ധ് തുടങ്ങിയ പ്രമുഖ ആംആദ്മി നേതാക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഭാര്യ സ്വര്‍ണവും പണവുമായി മുങ്ങിയെന്നാണ് അമരീന്ദറിന്റെ പരാതി.

വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍, വെള്ളി ആഭരണങ്ങള്‍ എന്നിവയെല്ലാം യുവതി കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. യഥാര്‍ഥ പ്രായവും മറ്റുവിവരങ്ങളും മറച്ചുവെച്ചാണ് യുവതി തന്നെ വിവാഹം കഴിച്ചതെന്നും അന്വേഷണത്തില്‍ ഇവര്‍ നേരത്തേ വിവാഹിതയായതാണെന്ന് കണ്ടെത്തിയതായും ഈ ബന്ധത്തില്‍ 18 വയസ്സുള്ള മകനുണ്ടെന്നും അമരീന്ദര്‍ ആരോപിച്ചു.

ആംആദ്മി നേതാവിന്റെ പരാതിയില്‍ മന്‍വീന്ദര്‍ കൗര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേ കേസെടുത്തതായി പൊലീസ് പറഞ്ഞു. മന്‍വീന്ദറിന്റെ സഹോദരനെന്നും ബന്ധുക്കളെന്നും പരിചയപ്പെടുത്തിയവരാണ് കേസിലെ മറ്റുപ്രതികള്‍. കേസില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends