ഓസ്ട്രേലിയയില്‍ അനധികൃത പുകയില വില്‍പ്പന തടയാന്‍ കൂടുതല്‍ നടപടി; ക്വീന്‍സ്ലന്‍ഡിന് 2.7 മില്യണ്‍ ഡോളര്‍

ഓസ്ട്രേലിയയില്‍ അനധികൃത പുകയില വില്‍പ്പന തടയാന്‍ കൂടുതല്‍ നടപടി; ക്വീന്‍സ്ലന്‍ഡിന് 2.7 മില്യണ്‍ ഡോളര്‍
ഓസ്ട്രേലിയയില്‍ അനധികൃത പുകയിലയുടെ വ്യാപനം ഗുരുതര പ്രശ്‌നമായി തുടരുന്നതിനിടെ, നിയന്ത്രണ നടപടികള്‍ ശക്തമാക്കാന്‍ ക്വീന്‍സ്ലന്‍ഡിന് ഫെഡറല്‍ സര്‍ക്കാര്‍ 2.7 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ അധിക ധനസഹായം പ്രഖ്യാപിച്ചു.

അനധികൃത സിഗരറ്റ് വില്‍പ്പനയും കടത്തും രാജ്യത്തുടനീളം വലിയ പ്രശ്‌നമായി മാറിയ സാഹചര്യത്തിലാണ് പുതിയ ഫണ്ട് അനുവദിച്ചത്. അനധികൃത പുകയില വ്യാപാരം നിയന്ത്രിക്കുന്നതിനുള്ള ക്വീന്‍സ്ലന്‍ഡ് സര്‍ക്കാരിന്റെ നിലവിലെ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനാണ് തുക വിനിയോഗിക്കുക.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പ്രമുഖ റീട്ടെയില്‍ വ്യാപാരികളില്‍ നിന്നുള്ള നിയമപരമായ പുകയില വില്‍പ്പനയുടെ കണക്കുകളും സര്‍ക്കാര്‍ പുറത്തുവിട്ടു. 2025 ജൂലൈയെ അപേക്ഷിച്ച് ഡിസംബര്‍ മാസത്തില്‍ ക്വീന്‍സ്ലന്‍ഡിലെ നിയമപരമായ പുകയില വില്‍പ്പന 55 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഇതേ കാലയളവില്‍ രാജ്യത്താകെയുള്ള നിയമപരമായ പുകയില വില്‍പ്പനയില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഇതിന്റെ അടിസ്ഥാനത്തില്‍, ക്വീന്‍സ്ലന്‍ഡില്‍ അനധികൃത വിപണിയില്‍ നിന്ന് പുകയില വാങ്ങിയിരുന്ന ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം 2025 അവസാനത്തോടെ വീണ്ടും നിയമപരമായ വിപണിയിലേക്ക് മടങ്ങിയതായി വിലയിരുത്തുന്നു.

എന്നാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സമാനമായ മാറ്റം ഉണ്ടായിട്ടില്ല.

ഓസ്ട്രേലിയന്‍ കൗണ്‍സില്‍ ഓണ്‍ സ്മോക്കിങ് ആന്‍ഡ് ഹെല്‍ത്തിന്റെ വിലയിരുത്തലില്‍, അനധികൃത പുകയില വ്യാപാരം തടയുന്നതിന് ക്വീന്‍സ്ലന്‍ഡ് സ്വീകരിക്കുന്ന വിവിധതലത്തിലുള്ള നടപടികളാണ് രാജ്യത്തെ ഏറ്റവും ഫലപ്രദമായ സമീപനം.

Other News in this category



4malayalees Recommends