ചിക്കാഗോയിലെ ഹിന്ദു ക്ഷേത്രത്തില്‍ കൂട്ടക്കുരുതി നടത്താന്‍ പദ്ധതിയിട്ട 19-കാരന്‍ പിടിയില്‍ ; തോക്ക് തകരാറിലായത് കൊണ്ടുമാത്രം ഒഴിവായി ദുരന്തം

ചിക്കാഗോയിലെ ഹിന്ദു ക്ഷേത്രത്തില്‍ കൂട്ടക്കുരുതി നടത്താന്‍ പദ്ധതിയിട്ട 19-കാരന്‍ പിടിയില്‍ ; തോക്ക് തകരാറിലായത് കൊണ്ടുമാത്രം ഒഴിവായി ദുരന്തം
അമേരിക്കയിലെ ചിക്കാഗോയ്ക്ക് സമീപമുള്ള ഹിന്ദു ആരാധനാലയത്തിന് നേരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 19-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇല്ലിനോയിയിലെ പാലറ്റൈന്‍ സ്വദേശി അലക്‌സാണ്ട്രോസ് പപോരാക്കിസ് ആണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ അയച്ച സന്ദേശങ്ങളെക്കുറിച്ച് മൗണ്ട് പ്രോസ്‌പെക്ട് പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുത്തത്. തോക്കുമായി പ്രതി ക്ഷേത്രത്തിലെത്തിയെങ്കിലും ആയുധം തകരാറിലായതിനാല്‍ വെടിയുതിര്‍ക്കാനായില്ല എന്നാണ് പൊലീസ് പറയുന്നത്.

പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്കുകള്‍, മരുന്നുകള്‍ നിറച്ച മാഗസിനുകള്‍, വെടിയുണ്ടകള്‍, ബോഡി ആര്‍മര്‍ എന്നിവയ്ക്ക് പുറമെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളടക്കം കണ്ടെത്തി. വെളുത്ത വര്‍ഗക്കാരുടെ വംശീയ അധിനിവേശ ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന ചിഹ്നങ്ങളും ലഘുലേഖകളും കണ്ടെത്തി. ഇന്ത്യന്‍ വംശജര്‍ക്കും ദക്ഷിണേഷ്യയില്‍ നിന്നുള്ള മറ്റുള്ളവര്‍ക്കും എതിരെ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയ ലഘുലേഖകളാണ് പിടിച്ചെടുത്തതെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 11-ന് ഒറോറ പ്രദേശത്തെ ഹിന്ദു ക്ഷേത്രം കേന്ദ്രീകരിച്ച് കൂട്ടവെടിവെപ്പ് നടത്താനായിരുന്നു പ്രതി പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് സംശയിക്കുന്നു. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഒറോറ പൊലീസ് പ്രദേശത്തെ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് മുന്‍കരുതല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീവ്രവാദ ഭീഷണി മുഴക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത കുറ്റങ്ങള്‍ ചുമത്തി ഇയാളെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പ്രാദേശിക പൊലീസും എഫ്.ബി.ഐയും അറിയിച്ചു. ഒഹായോയിലെ റിച്ച്മണ്ട് ഹൈറ്റ്സിലുള്ള ശ്രീ സ്വാമിനാരായണന്‍ വഡ്താല്‍ ധാം ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് അറസ്റ്റ്.

Other News in this category



4malayalees Recommends