പ്രവാസി ജഅലാന്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്: കുട്ടന്‍ ഇലവന്‍ ജേതാക്കള്‍

പ്രവാസി ജഅലാന്‍ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്: കുട്ടന്‍ ഇലവന്‍ ജേതാക്കള്‍

ജഅലാന്‍ ബൂഅലി: പ്രവാസി ജഅലാന്‍ കപ്പ് ഫ്ളഡ്ലിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബൂഅലിയിലെ കുട്ടന്‍ ഇലവന്‍ ജേതാക്കളായി. ആവേശകരമായ കലാശക്കളിയില്‍ പ്രവാസി ഇബ്രയെ എട്ടു വിക്കറ്റിനാണ് കുട്ടന്‍ ഇലവന്‍ തോല്‍പിച്ചത്. ഫൈനലിലടക്കം ടൂര്‍ണമെന്‍റിലുടനീളം ആള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച കുട്ടന്‍ ഇലവനിലെ റോണി ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരിസും ആയി തെരഞ്ഞെടുക്കപ്പെട്ടു.


സെമിഫൈനലില്‍ പ്രവാസി ഇബ്ര തശ്വീന്‍ ഇലവനെയും കുട്ടന്‍ ഇലവന്‍ ബിസ്മില്ലാ ഇലവനെയുമാണ് തോല്‍പിച്ചത്. ഒരാഴ്ചയായി രാത്രിയും പകലുമായി നടന്നുവന്ന ടൂര്‍ണമെന്‍റില്‍ 16 ടീമുകളാണ് പങ്കെടുത്തത്. പ്രവാസി ഇബ്രയിലെ അബ്ദുല്ലയാണ് മികച്ച ബാറ്റ്സ്മാന്‍. മികച്ച ബൗളറായി ബിസ്മില്ലാ ഇലവനിലെ ശമ്മാസിനെ തെരഞ്ഞെടുത്തു. മികച്ച വിക്കറ്റ് കീപ്പര്‍ക്കുള്ള അല്‍സരായി കപ്പ് പ്രവാസി ഇബ്രയിലെ വിക്കറ്റ് കീപ്പര്‍ നൗഷാദിനു ലഭിച്ചു. ബൂഅലിയിലെ അല്‍ വഹ്ദ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടന്നത്. വിജയികള്‍ക്കുള്ള പ്രവാസി ജഅലാന്‍ കപ്പും 250 റിയാല്‍ കാഷ് അവാര്‍ഡും ക്ളബ് പ്രസിഡന്‍റ് സാലിം അലി സാലിം അല്‍സനീദി കുട്ടന്‍ ഇലവന്‍ ക്യാപ്റ്റന്‍ ഫര്‍ഹാന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും കാഷ് അവാര്‍ഡും ക്ളബ് അംഗം അലി ഹുമൈദ് അല്‍ആലോവി പ്രവാസി ഇബ്ര ക്യാപ്റ്റന്‍ നൗഷാദിന് സമ്മാനിച്ചു.

ഫൈനല്‍ മത്സരത്തിനുമുമ്പ് സൂര്‍, ബൂഅലി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചു. ബൂഅലി സ്കൂള്‍ എട്ട് ഓവറില്‍ 55 റണ്‍സ് നേടിയപ്പോള്‍ സൂര്‍ സ്കൂള്‍ ആറ് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സൂര്‍ സ്കൂളിലെ രാജേഷ് ആണ് മാന്‍ ഓഫ് ദി മാച്ച്. ടൂര്‍ണമെന്‍റില്‍ മികച്ച അമ്പയറിങ് കാഴ്ചവെച്ച സലിം മഞ്ചേരിക്കും കണ്ണനും ദൃക്സാക്ഷി വിവരണം നല്‍കിയ കാരി സുല്‍ഫിക്കറിനും പ്രത്യേക ഉപഹാരം നല്‍കി.

പ്രവാസി ജഅലാന്‍ ടൂര്‍ണമെന്‍റ് കമ്മിറ്റി കണ്‍വീനര്‍ ബിനോയ്, ഇന്ത്യന്‍ എംബസി ഹോണററി കൗണ്‍സിലര്‍ ഫക്രുദ്ദീന്‍, പ്രവാസി ജഅലാന്‍ പ്രസിഡന്‍റ് അനില്‍കുമാര്‍, സെക്രട്ടറി സിറാജ് ദവാരി, വൈസ്പ്രസിഡന്‍റുമാരായ നൗഷാദ് ചമ്മയില്‍, പ്രശാന്ത് പുതിയാണ്ടി, വില്‍സണ്‍ മാത്യു, ഹബീബ് ഹസന്‍ എന്നിവര്‍ സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ ബെന്നി, തുളസി, തൗഫീഖ്, ദാസ്, രതീഷ്, മുരളി തുടങ്ങിയവര്‍ സംബന്ധിച്ചു.
Other News in this category4malayalees Recommends